കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധവരയുമായി ഇൻഫാം.
എയ്ഞ്ചൽവാലി: കേന്ദ്ര സർക്കാരിന്‍റെ കാർഷിക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻഫാം എരുമേലി കാർഷിക താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധവര സംഘടിപ്പിച്ചു. എയ്ഞ്ചൽവാലിയിൽ ജോസഫ് വെണ്‍മാന്തറയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഇൻഫാം കാർഷിക ജില്ല സെക്രട്ടറി ഷാബോച്ചൻ മുളങ്ങാശേരി ഉദ്ഘാടനം ചെയ്തു. കാർഷിക ദ്രോഹ നിയമങ്ങൾ പിൻവലിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ കണമല ബാങ്ക് പ്രസിഡന്‍റ് അഡ്വ. ബിനോയ് മങ്കന്താനം മുഖ്യപ്രഭാഷണം നടത്തി. ഇൻഫാം താലൂക്ക് പ്രസിഡന്‍റ് ജോസ് താഴത്തുപീടിക, പഞ്ചായത്ത് മെംബർമാരായ മാത്യു ജോസഫ് മഞ്ഞപ്പള്ളിക്കുന്നേൽ, മറിയാമ്മ സണ്ണി അടക്കനാട്ട്, സനല രാജൻ കുച്ചേടത്ത്, മറിയമ്മ ജോസഫ് പുറ്റുമണ്ണിൽ, സിബി അഴകത്ത്, ഇൻഫാം താലൂക്ക് സെക്രട്ടറി ബേബിച്ചൻ തെക്കേൽ, ത്രേസ്യാമ്മ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
20 മീറ്റർ നീളമുള്ള കാൻവാസിൽ കരിനിയമങ്ങൾക്കെതിരേ നടത്തിയ പ്രതിഷേധ വരയ്ക്ക് കാർട്ടൂണിസ്റ്റുകളായ ഷാജി സീതത്തോട്, റോജിൻ എരുത്വാപ്പുഴ, സജീവ് ശൂരനാട്, പന്തളം ബാബു തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി കർഷകർ വരയിലൂടെയും വാക്കുകളിലൂടെയും പ്രതിഷേധത്തിൽ പങ്കുചേർന്നു.