നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അദ്ധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി
എരുമേലി : എരുമേലി ചരളയിൽ ഇന്ന് രാവിലെ, റോഡരികിൽ സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി . കൂവപ്പള്ളി ഗവ. ടെക്നിക്കൽ സ്കൂൾ ഇലക്ട്രോണിക്സ് വിഭാഗം ഡെമോൺസ്‌ട്രേറ്ററായ ചാത്തൻതറ ഓമണ്ണിൽ ഷെഫി യൂസഫ് (33) നെയാണ് ആണ് കാറിനുള്ളിൽ മരണപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത് .
ഇന്ന് രാവിലെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം. സ്റ്റാർട്ടിങ്ങിൽ റോഡിൽ കാർ കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോൾ ബോധരഹിതനായ നിലയിൽ യുവാവ് കിടക്കുന്നത് കാണുകയായിരുന്നു. കാർ സ്റ്റാർട്ടിങ്ങിൽ നിർത്തി കാറിൽ ഇരുന്ന് ഫോൺ ചെയ്യുന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത്. ഏകദേശം അര മണിക്കൂറോളം കഴിഞ്ഞാണ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ ബോധമില്ലാതെ യുവാവ് കിടക്കുന്നത് കണ്ടത്. ഇതോടെ നാട്ടുകാർ പോലീസിൽ അറിയിച്ച ശേഷം യുവാവിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാർ പൂർണമായും ലോക്ക് ചെയ്ത നിലയിലായിരുന്നു.
കല്ല് കൊണ്ടിടിച്ച് ഗ്ളാസ് ഉടയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ചുറ്റിക കൊണ്ടുവന്ന് ഇടിച്ച് ഗ്ലാസ് ഉടച്ച് ഡോർ തുറക്കുമ്പോഴേക്കും പോലിസ് എത്തിയിരുന്നു. തുടർന്ന് പോലിസ് ജീപ്പിൽ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു.