കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി താഹ മാതൃകയായി
എരുമേലി: എരുമേലി സ്വകാര്യ ബസ്‌സ്റ്റാൻഡിൽ തന്റെ കടയ്ക്കു മുന്നിൽ നിന്ന് കിട്ടിയ ഒന്നരപ്പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി താഹ സത്യസന്ധതയുടെ പര്യായമായി. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിൽ തസ്‌നി ഫ്രൂട്‌സ് സ്റ്റാൾ എന്ന സ്ഥാപനം നടത്തുകയാണ് എരുമേലി താഴത്തുവീട്ടിൽ ടി.എസ്.താഹ.
നഷ്ടപ്പെട്ട സ്വർണം തിരികെ കിട്ടിയതിന്റെ സന്തോഷത്തിൽ കണ്ണീരണിഞ്ഞ ഉടമ സമ്മാനം നൽകാൻ ശ്രമിച്ചപ്പോൾ താഹ സ്‌നേഹപൂർവം നിരസിച്ചു. ഒടുവിൽ കടയിൽനിന്നു പഴങ്ങളും മറ്റു സാധനങ്ങളും വാങ്ങി പണം കൊടുത്ത് ഉടമ നന്ദി പ്രകടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10.30-നാണ് കടയ്ക്കു മുൻപിൽ മാല കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എരുമേലി പോലീസിന് മാല കൈമാറി.
മുക്കൂട്ടുതറ ഊട്ടുകളത്തിൽ റോജി ജോസഫിന്റെ മകൻ ജിയോണിന്റെ മാലയാണ് നഷ്ടപ്പെട്ടത്. മകനുമായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി തിരികെ വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്.
അന്വേഷിച്ച് എരുമേലി സ്റ്റാൻഡിലെത്തിയ സമയത്താണ് മാല കിട്ടിയതായി പോലീസ് അറിയിച്ചത്. സ്‌റ്റേഷനിലെത്തി മാല വാങ്ങിയശേഷം താഹയെക്കണ്ട് നന്ദി അറിയിക്കുവാൻ റോജി കടയിലെത്തുകയായിരുന്നു.