പൂതക്കുഴി – പട്ടിമറ്റം റോഡ് 43 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും : ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ. ഷെമീർ

കാഞ്ഞിരപ്പള്ളി: ഇക്കഴിഞ്ഞ പ്രളയത്തിൽ 26-ാം മൈലിലെ പാലം ഭാഗികമായി തകരാറിലായതോടെ, എരുമേലി ഭാഗത്തേക്കുള്ള ബസുകൾ അടക്കമുള്ള ഭാരവാഹനങ്ങളും തീർത്ഥാടക വാഹനങ്ങളും 4 മാസത്തോളം സമാന്തര റോഡായി ഉപയോഗിച്ചത്തോടെ തകർന്ന് പോയ പൂതക്കുഴി – പട്ടിമറ്റം റോഡ് 43 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്നതിനുള്ള നടപടികൾ ഡിസംബർ പത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ. ഷെമീർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ബാർജറിന്റെ സഹായത്തോടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പടപ്പാടി തോടിന്റെ ആഴം വർദ്ധിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്.

കിഴക്കൻ മേഖലയിൽ ആദ്യമായാണ് ബാർജറിന്റെ സഹായത്തോടെ തോട് വൃത്തിയാക്കുന്നത്. ദേശീയ പാത 183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ റോഡാണ് നവീകരിച്ച് നിർമ്മിക്കുന്നത്. പടപ്പാടി തോട്ടിൽ ചെക്ക് ഡാം ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തികരിച്ചും നിലവിലെ പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ ഉയരം മൂന്ന് അടി കൂടി വർദ്ധിപ്പിച്ചുമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.റോഡ്

നവീകരണത്തിന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന്റെ നിർദ്ദേശപ്രകാരം വെള്ളപൊക്കദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയും സാങ്കേതികാനു മതിയും ലഭിച്ച് ടെണ്ടർ നടപടികളിലാണ്. സംരക്ഷണഭിത്തിയുടെ നിർമ്മാണത്തിന് ജല വിഭവ വകുപ്പിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ പ്രളയത്തിൽ 26-ാം മൈലിലെ പാലം ദുർബലമായതോടെ എരുമേലി ഭാഗത്തേക്കുള്ള ബസുകൾ അടക്കമുള്ള ഭാരവാഹനങ്ങളും തീർത്ഥാടക വാഹനങ്ങളും 4 മാസം ഈ റോഡാണ് ഉപയോഗിച്ച് വന്നത്. തന്മൂലം ഈ റോഡിന് കൂടതൽ കേടുപാടുകൾ ഉണ്ടായി. ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ പൂതക്കുഴി – പട്ടിമറ്റം റോഡ് നവീകരണത്തിന് നടപ്പ് വാർഷിക പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ അറിയിച്ചു. റോഡ് നവീകരണത്തിനും സംരക്ഷണഭിത്തി നിർമ്മാണത്തിനുമായി ഗ്രാമ പഞ്ചായത്തിൽ നിന്നും 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ടെൻഡർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്തംഗം അഡ്വ. പി.എ.ഷെമീർ അറിയിച്ചു.

error: Content is protected !!