വക്കച്ചായി ബാങ്ക് പ്രസിഡന്റ് സ്ഥാനവും, ഭരണ സമതി അംഗത്വവും രാജിവെച്ചു; കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണം പ്രതിസന്ധിയിൽ ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി 40 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.ജോർജ് വർഗീസ് പൊട്ടംകുളം (വക്കച്ചായി) പ്രസിഡന്റ് സ്ഥാനവും, ഭരണ സമതി അംഗത്വവും അനാരോഗ്യം മൂലം രാജിവച്ചു. അതോടെ കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിൽ യു.ഡി.എഫിന് അഞ്ചും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങൾ വീതമായി. രണ്ട് വിഭാഗങ്ങൾക്കും ഒരുപോലെ അംഗങ്ങൾ ഉള്ളതിനാൽ, ബാങ്ക് ഭരണം പ്രതിസന്ധിയിലായേക്കും. ഭരണം പിടിക്കുവാൻ അപ്രതീക്ഷിത ചരടുവലികളുമായി ഇരു മുന്നണികളും രംഗത്ത്…
ബാങ്കിന്റെ ആരംഭം മുതൽ യു.ഡി.എഫ് ഭരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് രണ്ടര വർഷങ്ങൾക്ക് മുമ്പ് കേരള കോൺഗ്രസ് എം -എൽ.ഡി.എഫിലേക്ക് പോയതോടെ ഭരണം എൽ.ഡി.എഫിനായിരുന്നു.പ്രസിഡന്റ് തലസ്ഥാനo രാജിവെച്ചതോടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ പ്രസിഡന്റ് സ്ഥാനത്തിനായി നേർക്ക് നേർ പോരാടും.യു.ഡി.എഫിലെ കോൺഗ്രസിന് അഞ്ച് സീറ്റും എൽ.ഡി.എഫിലെ കേരള കോൺഗ്രസ്- എം ന് അഞ്ച് സീറ്റും എന്ന തുല്യനില എത്തിയതോടെ ഭരണത്തിനായി ഇനി വാശിയേറിയ അണിയറ നീക്കങ്ങൾ നടത്തി തുടങ്ങി.ബാങ്കിന്റെ ഭരണം പിടിക്കുവാനായി ഇരുമുന്നണികളും എന്നതിലുപരി കോൺഗ്രസും കേരള കോൺഗ്രസ് എമ്മും തമ്മിൽ നേർക്കുനേർ പോരാട്ടത്തിന് വേദിയായി മാറി.
ഇക്കഴിഞ്ഞയാഴ്ച കേരള കോൺഗ്രസ് എം – ലെപ്രസിഡന്റ് ജോർജ് വർഗീസ് പൊട്ടൻകുളം തൽസ്ഥാനം രാജി വെച്ചതോടെ വൈസ് പ്രസിഡന്റ് കോൺഗ്രസിലെ സുനിജ സുനിലിന് പ്രസിഡന്റിന്റെ ചുമതല കൈമാറി.ബാങ്ക് പ്രസിഡണ്ടിന്റെ രാജി കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.ഇനിയും എന്ത് അപ്രതീക്ഷിത ചരടുവലികളാണ് മുന്നണികൾ തമ്മിൽ നടക്കാൻ പോകുന്നതെന്ന ആകാംക്ഷയോടെയാണ് നേതാക്കന്മാർ.
1962ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോർജ് വർഗീസ് പൊട്ടൻകുളം 1964ൽ കേരള കോൺഗ്രസിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായി. മണ്ഡലം പ്രസിഡന്റും പിന്നീട് 1980 മുതൽ 40 വർഷം നിയോജകമണ്ഡലം പ്രസിഡന്റുമായി. 1962 മുതൽ 35 വർഷം കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗമായിരുന്നു. 1984 മുതൽ 96 വരെ പഞ്ചായത്ത് പ്രസിഡന്റ്. ക്രിംസ്, കോട്ടയം ജില്ലാ സഹകരണ ബാങ്ക്, കാംപ്കോ, മാർക്കറ്റിങ് ഫെഡറേഷൻ, അഭയഭവൻ, റോട്ടറി ക്ലബ് എന്നിവയുടെ ഭരണനേതൃത്വത്തിലും പ്രവർത്തിച്ചു. 1971 മുതൽ കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയംഗമാണ്. 1977 മുതൽ 11 വർഷം ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു. 1996ൽ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് വീണ്ടും എത്തിയ ജോർജ് വർഗീസ് ഈ പദവിയിൽ നിന്നുo അനാരോഗ്യം മൂലമാണ് രാജിവെച്ചത്.