ഭാരത നദി പര്യടനം പൂർത്തിയാക്കി നിഷ ജോസ് കെ മാണി
വൺ ഇന്ത്യ വൺ റിവർ – ഭാരത നദി പര്യടനം പൂർത്തിയാക്കി നിഷ ജോസ് കെ മാണി
പ്രമുഖ സാമൂഹിക പ്രവർത്തകയും, എഴുത്തുകാരിയും, പ്രഭാഷകയും, അണ്ടർ വാട്ടർ ഡൈവറും, കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ് , ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിവിധ നദികളിലൂടെ തുഴച്ചിൽ നടത്തി, സാമ്പിൾ വെള്ളം ശേഖരിച്ച് , വൺ ഇന്ത്യ വൺ റിവർ എന്ന തന്റെ ഭാരത നദി പര്യടനയജ്ഞം പൂർത്തിയാക്കി. കേരളത്തിൽ ആലുവയിലെ പെരിയാർ നദിയിൽ കയാക്കിങ് നടത്തിയാണ് തന്റെ പര്യടനം പൂർത്തിയാക്കിയത് .
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി, കയാക്കിങ് നടത്തിയ 34 നദികളിലെയും ഒരു തടാകത്തിലെയും ഒരു കുളത്തിലെയും വെള്ളമാണ് പദ്ധതിയുടെ ഭാഗമായി നിഷ ശേഖരിച്ചത്. ഫെബ്രുവരി 6 ന് ഹിമാചലിൽ നിന്നാരംഭിച്ച യജ്ഞത്തിന്റെ ഭാഗമായി നിഷ ഒറ്റയ്ക്കാണ് സാഹസികമായി രാജ്യം മുഴുവൻ സഞ്ചരിച്ച് തന്റെ സ്വപ്ന പദ്ധതി പൂർത്തീകരിച്ചത്.
അമൂല്യമായ ജലം സംരക്ഷിക്കുവാൻ ഇന്ത്യയിലെ ഓരോ പൗരനും നദികളെ അടുത്തറിയുകയും, സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം എന്ന സന്ദേശമുയർത്തിയാണ് നിഷ ജോസ് ഭാരത നദി പര്യടനം നടത്തിയത് . ഓരോ പ്രദേശം സന്ദർശിച്ചപ്പോഴും, അവിടെ നദിയെ സ്നേഹിക്കുന്നവരുടെയും ആശ്രയിക്കുന്നവരുടെയും സംഘങ്ങളെ ഒപ്പം കൂട്ടിയാണ് നിഷ നദികളിലൂടെ കയാക്കിങ് നടത്തിയത്. യാത്രയ്ക്കിടെ രാജ്യത്തിന്റെ വി വിധ ഭാഗങ്ങളിലെ നദീതീരങ്ങളിൽ കഴിയുന്ന 42 ആദിവാസി സമൂഹങ്ങളുമായി സംവദിക്കാനും അവരുടെ സ്ഥാപനങ്ങൾ സന്ദർശിക്കാനും സാധിച്ചതായി നിഷ ജോസ് പറഞ്ഞു.
ആലുവായിലെ പെരിയാർ ക്ലബ്ബിൽ നിന്നും തുടക്കമിട്ട സമാപന കായാക്കിങ്ങിന് സിറ്റി പോലീസ് കമ്മീഷണർ
സി എച്ച് നാഗരാജു ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്തു. ഐജി ഹർഷിത അട്ടല്ലൂരി സന്നിഹിതയായിരുന്നു. കൊച്ചിന്റെ പാഡിൽ ക്ലബ്, കേരള ബാക്ക് വാട്ടർ ചാലഞ്ച്, ഗ്ലോബൽ സെയ്ലിങ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പെരിയാറിൽ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചത്.
ജർമ്മിനിയിൽ നിന്നെത്തിയ കാളും, ജോഹാനും ഉൾപ്പെടെ, വിവിധ കയാക്കിങ് ക്ലബ്ബ്കളിലെ അംഗങ്ങളായ മുപ്പത്തിഅഞ്ചോളം പേർ കനത്ത മഴയെ വകവയ്ക്കാതെ, നിഷ ജോസിനൊപ്പം പെരിയാറിന്റെ വിരിമാറിലൂടെ കയാക്കിങ് നടത്തി നിഷയുടെ ദേശീയ യജ്ഞത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കയാക്കിങ് നടത്തിയ ഓരോ നദിയിലേയും ജലം പാത്രങ്ങളിൽ ശേഖരിച്ചു സൂക്ഷിച്ചിട്ടുള്ള നിഷ ജോസ് , അവ ഇന്ത്യൻ പ്രസിഡന്റിന് കൈമാറുവാനാണ് ഉദ്ദേശിക്കുന്നത്. അമൂല്യമായ ജലസമ്പത്ത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമായാണെന്ന തിരിച്ചറിവിൽ, നദിയെ അറിഞ്ഞു സ്നേഹിച്ചാൽ, അവയെ ശരിയായി സംരക്ഷിക്കുവാൻ നമുക്ക് സാധിക്കും എന്ന സന്ദേശമുയർത്തി നിഷ ജോസ് നടത്തുന്ന ഇത്തരം പ്രവർത്തികൾ ഏറെ ശ്ലഘനീയങ്ങളാണ് .
.