റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഭക്ഷണമാലിന്യം തള്ളാൻ സ്കൂൾമൈതാനം കുഴിച്ചു
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവ. സ്കൂൾ മൈതാനത്ത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഭക്ഷണമാലിന്യം തള്ളുന്നതിനായി കുഴികളെടുത്തു. ഇതുകാരണം പരിശീലനസ്ഥലം നശിച്ചതായി പരാതി.
ജനപ്രതിനിധികളും പി.ടി.എ.യും പ്രതിഷേധവുമായെത്തിയതോടെ വിദ്യാഭ്യാസവകുപ്പ് ഇവിടെ മാലിന്യംതള്ളുന്നതിനുള്ള തീരുമാനം മാറ്റി.
വ്യക്തിയുടെ തോട്ടത്തിൽ കുഴിയെടുത്ത് മാലിന്യം തള്ളുന്നതിനായി നടപടി സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
സ്‌കൂൾ മൈതാനത്തിനോട് ചേർന്നുള്ള ഹൈജംപ് പിറ്റിനും ക്രിക്കറ്റ് നെറ്റ് പരിശീലനകേന്ദ്രത്തിനും സമീപമാണ് മാലിന്യംതള്ളാൻ കുഴികളെടുത്തത്. ഹൈജംപ് പിറ്റിലെടുത്തിട്ടിരിക്കുന്ന പൊടിമണലും മണ്ണിട്ട് നശിച്ചതായി ആരോപണമുണ്ട്. കുന്നുംഭാഗം ഗവ. സ്കൂളിനെ സ്‌പോർട്‌സ് സ്കൂളായി ഉയർത്തുന്നതിനായി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് കായിക പരിശീലന സ്ഥലം നശിപ്പിക്കുന്ന രീതിയിലുള്ള നടപടി.
കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ കായിക മത്സരങ്ങൾ അരങ്ങേറുന്ന പ്രധാനവേദികൂടിയാണ് സ്കൂളിലെ മൈതാനം. ഒട്ടേറെപ്പേർ നടക്കാനും ഉപയോഗിക്കുന്നയിടം കൂടിയാണിത്.
ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നത് മാലിന്യപ്രശ്‌നങ്ങൾക്കും ദുർഗന്ധത്തിനും ഇടയാക്കുമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കുഴിയെടുത്ത് നശിപ്പിച്ച കായിക പരിശീലന സ്ഥലം പൂർവസ്ഥിതിയിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് വാർഡംഗവും ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ആന്റണി മാർട്ടിൻ പറഞ്ഞു.