കാറും ടോറസും കൂട്ടിയിടിച്ച് നാല് തീർത്ഥാടകർക്ക്‌ പരിക്ക് 

05/12/2022 

എലിക്കുളം: പൊൻകുന്നം-പാലാ റോഡിൽ മഞ്ചക്കുഴി കവലയ്ക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു. കോതമംഗലം സ്വദേശികളായ നാലു തീർഥാടകർക്ക് പരിക്കേറ്റു. കോതമംഗലം പിണ്ടിമന സ്വദേശികളായ ശശി (52), ബിജു(42), സിജു(40), അഭിനവ്(ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയെലെത്തിക്കാൻ മുൻകൈയെടുത്തത് കെ.എസ്.ആർ.ടി.സി. പാലാ ഡിപ്പോയിലെ ജീവനക്കാരായ രണ്ടുേപരാണ്. അപകടസമയത്ത് ഇതുവഴി കാറിലെത്തിയ കെ.ആർ.സുനിൽകുമാർ, ജോർജ് സെബാസ്റ്റ്യൻ എന്നിവരാണിവർ. 

ഞായറാഴ്ച പകൽ മൂന്നുമണിക്കായിരുന്നു അപകടം. രക്തത്തിൽ കുളിച്ച അയ്യപ്പൻമാരെ പോലീസിന്റെയും നാട്ടുകാരുടേയും സഹായത്തോടെ അപകടസ്ഥലത്തു നിന്ന് സുനിലും ജോർജും സഞ്ചരിച്ച കാറിലും പോലീസ് ജീപ്പിലുമായി പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് നാല് ആംബുലൻസുകളിലായി കോട്ടയം മെഡിക്കൽ കോളേജിലേക്കും എത്തിച്ചു. അപകടം കണ്ട് ആദ്യം ആൾക്കാർ പകച്ചുനിന്നപ്പോൾ പ്രദേശവാസികളായ ബിനോയി, അജേഷ് എന്നിവർ നാട്ടുകാരെകൂട്ടി സഹായത്തിനെത്തിയെന്ന് ഇരുവരും പറഞ്ഞു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. പ്രസന്നന്റെ നേതൃത്വത്തിൽ പോലീസും സഹായിച്ചു.

error: Content is protected !!