ആശുപത്രിയിയുടെ മുന്നിൽ ചെളിയും വെള്ളക്കെട്ടും ; എരുമേലിയിൽ അയ്യപ്പഭക്തർക്ക് ദുരിതം

എരുമേലി: അയ്യപ്പഭക്തർക്കായുള്ള താത്കാലിക ഡിസ്‌പെൻസറി ദേവസ്വം വലിയ മൈതാനിയിലാണ്. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ് നടന്നുപോകാനാവാത്ത അവസ്ഥ. മഴയില്ലെങ്കിൽ പൊടിശല്യവും മഴപെയ്താൽ ചെളികുഴഞ്ഞ നിലയിലുമാണ് ആശുപത്രിയുടെ മുൻവശം. ഇതിന് സമീപമാണ് ആയൂർവേദ ആശുപത്രിയും. കഴിഞ്ഞ രണ്ട് ദിവസമായി മഴ പെയ്തതോടെ ചെളിക്കളമായിരിക്കുകയാണ്. ഒട്ടേറെ ഭക്തരാണ് പ്രാഥമിക ചികിത്സയ്ക്ക് ഡിസ്‌പെൻസറികളെ ആശ്രയിക്കുന്നത്.

ദേവസ്വം മൈതാനങ്ങളിൽ വാഹനങ്ങൾ കയറാൻ മടി

ദേവസ്വം ബോർഡിന്റെ പാർക്കിങ് മൈതാനങ്ങളിൽ തീർഥാടക വാഹനങ്ങൾക്ക് കയറാൻ മടി. മഴയിൽ മൈതാനങ്ങൾ ചെളിക്കളമായതാണ് കാരണം. വാഹനങ്ങൾ കയറിയാലും ചെളിയിലൂടെ വേണം ഭക്തരിറങ്ങി നടക്കാൻ.

വ്യക്തികളുടെ പാർക്കിങ് ഗ്രൗണ്ടുകൾ പ്രതലം ടാർ ചെയ്തതിനാൽ ചെളിപ്രശ്നമില്ല. ധർമശാസ്താ ക്ഷേത്രത്തിന് സമീപം നാല് പാർക്കിങ് കേന്ദ്രങ്ങളാണ് ദേവസ്വം ബോർഡിനുള്ളത്. ഇതിൽ ഒന്നിന്റെ പ്രതലം കൊരുപ്പുകട്ട പാകിയതാണ്.

മൂന്ന് ഗ്രൗണ്ടുകളാണ് ചെളിയും വെള്ളക്കെട്ടുമായിക്കിടക്കുന്നത്. പല വാഹനങ്ങളും കയറിയിട്ട് തിരികെപോകുന്നതായി കരാറുകാർ പറയുന്നു.

ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെയും കടകൾ

മണ്ഡലകാലം രണ്ടാഴ്ച പിന്നിട്ടിട്ടും ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് ഒട്ടേറെ കടകൾ. ഭക്ഷ്യസുരക്ഷാ വകുപ്പ് 314 കടകൾ പരിശോധിച്ചതിൽ 82 കടക്കാർക്ക് ലൈസൻസ് എടുക്കാൻ നോട്ടീസ് നൽകി. നിബന്ധന പാലിക്കാത്ത നാല് കടകൾക്ക് നിബന്ധന പാലിക്കാൻ നോട്ടീസ് നൽകി. രണ്ട് കടകളിൽനിന്ന് പിഴ ഈടാക്കി. 58 ഇടങ്ങളിൽനിന്നു സാമ്പിളുകൾ ശേഖരിച്ചു.

error: Content is protected !!