രാത്രിയിൽ റോഡിൽ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ ഇടിച്ചു വീഴ്ത്തി ; ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയിൽ..
എരുമേലി : ശബരിമല പാതയിൽ രാത്രിയിൽ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ അമിത വേഗത്തിൽ നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്ക് ഏറ്റ മുണ്ടക്കയം പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫിസർ പാണപിലാവ് സ്വദേശിയും വിഴുക്കിത്തോട് ഭാഗത്ത് താമസിക്കുന്നയാളുമായ സന്തോഷ് തോമസിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11:45 ഓടെ എരുമേലി കൊരട്ടി ബിവറേജ് ഔട്ട് ലെറ്റിന് മുമ്പിൽ റോഡിൽ വെച്ചായിരുന്നു അപകടം.
ശബരിമല പാതയായ ഇവിടെ ഗതാഗത ഡ്യൂട്ടിയിലായിരുന്നു സന്തോഷ്. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നുമെത്തിയ ബ്രീസ കാർ ആണ് ഇടിച്ചത്. സന്തോഷിന്റെ ഇടുപ്പെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. ഇന്ന് ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാഞ്ഞെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കടല വണ്ടിയിൽ ഇടിച്ച ശേഷമാണ് സന്തോഷിനെ ഇടിച്ചു വീഴ്ത്തിയത്. കാറിനും അടുത്തുള്ള മരത്തിനും ഇടയിൽ പെട്ട നിലയിലായിരുന്നു സന്തോഷ്. ഡ്യൂട്ടിയിൽ ഒപ്പമുണ്ടായിരുന്ന പോലീസുകാരനും അതുവഴി എത്തിയ ആളുകളും ചേർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയാണ് സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചത്. ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താൻ പോലിസ് അന്വേഷണം ആരംഭിച്ചു.