പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാളിന് തുടക്കമായി
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ പരി.കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും വി.യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം തിരുനാള്‍ കൊടിയേറ്റി. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കൽ വി.കുര്‍ബാനയര്‍പ്പിച്ചു.
ശനിയാഴ്ച രാവിലെ 6.15ന് ഫാ. എബ്രാഹം കൊല്ലക്കൊമ്പില്‍ വി.കുര്‍ബാനയര്‍പ്പിക്കും. 2.30 മുതല്‍ വിവിധ കുടുംബ കൂട്ടായ്മകളില്‍ നിന്നുള്ള കഴുന്നു പ്രദക്ഷിണത്തെത്തുടര്‍ന്ന് 4.15 ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. 6.15ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം പൊടിമറ്റം സി.എം.സി പ്രൊവിന്‍ഷ്യാള്‍ ഹൗസ് പന്തലില്‍ എത്തിച്ചേരുമ്പോള്‍ പൊടിമറ്റം സെന്റ് ജോസഫ് പള്ളിവികാരി ഫാ. സജി പൂവത്തുകാട് ലദീഞ്ഞ് അര്‍പ്പിക്കും. കോരുത്തോട് സെന്റ് ജോര്‍ജ് പള്ളിവികാരി ഫാ.സഖറിയാസ് ഇല്ലിക്കമുറിയില്‍ പ്രസംഗിക്കും.
നാളെ രാവിലെ 7.15ന് ഫാ. ആന്റണി പുത്തന്‍പുരയ്ക്കല്‍ വി.കുര്‍ബാനയര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.15ന് വിവിധ കുടുംബകൂട്ടായ്മകളില്‍ നിന്ന് കഴുന്ന് പ്രദക്ഷിണം ആരംഭിക്കും. 4.15ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാ ചാന്‍സിലറും വികാരി ജനറാളുമായ റവ.ഡോ.കുര്യന്‍ താമരശ്ശേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. കുരിശടി ചുറ്റിയുള്ള പ്രദക്ഷിണത്തെത്തുടര്‍ന്ന് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഇടവകാംഗങ്ങളുടെ കലാപരിപാടികളും നടത്തപ്പെടും.