ശരണാരവമൊഴിയുന്നു ; എരുമേലി ഇനി പഴയ പടി.
എരുമേലി : ശബരിമല മകരവിളക്ക് തീർത്ഥാടനം സമാപ്തിയിലേക്ക് ആയതോടെ എരുമേലിയിൽ ഭക്തരുടെ തിരക്കൊഴിയുന്നു. ജനുവരി 20 ഓടെ സീസൺ പൂർണമാകും.
ചന്ദനക്കുടം, പേട്ടതുള്ളൽ എന്നിവ മികച്ച നിലയിൽ നടത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സീസൺ കച്ചവടം നഷ്‌ടമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വരുമാനം ഇത്തവണ കൂടുമെന്നാണ് കെഎസ്ആർടിസി യിലെ കണക്കുകൂട്ടൽ . വലിയ അപകടങ്ങൾ കുറഞ്ഞത് ആശ്വാസമായി ചൂണ്ടിക്കാട്ടുന്നു പോലിസ്. ഒരു വിധം മാലിന്യപ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ. ലേലങ്ങൾ പിടിച്ച് നാളികേരം ഉടയ്ക്കൽ, പാർക്കിംഗ് ഗ്രൗണ്ടുകൾ, കക്കൂസുകൾ, തുടങ്ങിയവ കരാർ എടുത്തവർക്കും നഷ്ടങ്ങൾ പറയാനില്ല.
കാനന പാതയിൽ തീർത്ഥാടന യാത്രയ്ക്ക് സമയ നിയന്ത്രണവും രാത്രിയിൽ വിലക്കും ഉണ്ടായിരുന്നത് ഒഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ ഇത്തവണ നേരിട്ടില്ലെന്ന് പറയുന്നു റവന്യു കൺട്രോൾ റൂം ഉദ്യോഗസ്ഥർ. വകുപ്പുകൾ തമ്മിൽ ഏകോപനം സാധ്യമാക്കാൻ കഴിഞ്ഞെന്ന് ഇവർ അവകാശപ്പെടുന്നു. പഞ്ചായത്ത് ഓഫിസിന് അടുത്ത് ദേവസ്വം ബോർഡ് വക കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നും ദുർഗന്ധം തുടരുന്നതും മലിന ജലം ഒഴുക്കി വിടുന്നതും പരാതി ഉയർത്തിയിരുന്നു. പല തവണ നോട്ടിസ് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയിട്ടും ഇതിന് പരിഹാരമുണ്ടായില്ല. പാർക്കിംഗ് ഫീസ് തുക കൂട്ടി വാങ്ങിയെന്നുള്ള പരാതികളും വ്യാപകമായിരുന്നു.
ഇനി ദുരിതാശുപത്രി.
ഓരോ ശബരിമല സീസണും തീരുമ്പോൾ എരുമേലിയിൽ സർക്കാർ ആശുപത്രിയുടെ സേവനം വീണ്ടും പഴയ പടി ശോചനീയമാകും. സീസണിലെ രണ്ട് മാസം മാത്രമാണ് 24 മണിക്കൂർ സേവനവും കിടത്തി ചികിത്സയും കൂടുതൽ ഡോക്ടർമാരും സ്റ്റാഫുമുണ്ടാവുക. സീസൺ തീർന്നാൽ പിന്നെ സേവനം ഡിസ്‌പെൻസറിയുടേത് പോലെയായി മാറുന്നു. ഓ പി പരിശോധന വൈകുന്നേരം വരെയാകും. രാത്രിയിൽ ആശുപത്രി അടഞ്ഞുകിടയ്ക്കും. ഇതിന് മാറ്റം വരുമെന്നുള്ള പ്രതീക്ഷ ഇത്തവണയും പൊലിയുകയാണ്. കഴിഞ്ഞയിടെ പൊതുപ്രവർത്തകർ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയപ്പോൾ സേവനം മെച്ചപ്പെടുത്താനുള്ള നടപടികൾ ഉറപ്പ് നൽകിയതാണ്. പക്ഷെ നടപടികൾ ആയിട്ടില്ല. നൂറുകണക്കിന് സാധാരണക്കാർ ആശ്രയിക്കേണ്ട ആശുപത്രിയിൽ ഇനിയും ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ ദുരിതം വർധിക്കും.
മാലിന്യ തോട്..
ഓരോ സീസണും കഴിയുമ്പോൾ എരുമേലിയിലെ തോടുകൾ രോഗാതുരമായി മലിന ജലത്തിലാകും. ഇത്തവണയും ഈ സ്ഥിതി തന്നെ. കൊച്ചു തോടും വലിയ തോടും അഴുക്കുചാലായി. രണ്ട് തോടുകളിലെയും മലിന ജലം കൊരട്ടിയിൽ മണിമലയാറിൽ ചേരുന്നു. മണിമലയാറിൽ പ്രവർത്തിക്കുന്ന കുടിവെള്ള വിതരണ പദ്ധതികളിലേക്കാണ് ഈ മലിനജലമേത്തുന്നത്. നദിയിലെ മത്സ്യങ്ങളും നാശത്തിലാണ്. സീസൺ തീർന്ന ശേഷം തോട് ശുചീകരണം പഞ്ചായത്ത് നടത്താറുണ്ടെങ്കിലും കരാറുകാർക്ക് ലാഭം കിട്ടുക എന്നതല്ലാതെ ശുചീകരണമുണ്ടാവില്ലെന്നാണ് പരാതി. തോടിന്റെ വശങ്ങളിൽ മാലിന്യങ്ങൾ കൂട്ടി വെയ്ക്കുന്ന നിലയിലാണ് ശുചീകരണം.