പരിസ്ഥിതിലോല മേഖല ; സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടു
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധിയിൽ ഇളവുതേടിയുള്ള ഹർജികൾ സുപ്രീംകോടതി മൂന്നംഗബെഞ്ചിനുവിട്ടു. കേസ് അടുത്തയാഴ്ചതന്നെ ലിസ്റ്റ് ചെയ്യാനും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
സംരക്ഷിത മേഖലകൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത് ഖനികളുടെ പ്രവർത്തനം തടയലാണെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. മറ്റു കാര്യങ്ങളിൽ ഇളവുനൽകുന്നതിൽ വിരോധമില്ലെന്ന സൂചനയും അദ്ദേഹം നൽകി. സുപ്രീംകോടതിയിലെ ഇപ്പോഴത്തെ പരിസ്ഥിതിബെഞ്ച് ജസ്റ്റിസ് ഗവായിയുടേതായതിനാൽ, ഇനി കേസ് പരിഗണിക്കുന്ന മൂന്നംഗബെഞ്ചിന്റെ അധ്യക്ഷനും അദ്ദേഹമാകാനാണ് സാധ്യത.
വനസംരക്ഷണ വിഷയത്തിൽ 1995 മുതൽ നിലനിൽക്കുന്ന ടി.എൻ. ഗോദവർമൻ തിരുമുൽപ്പാട് കേസിനിടെ, രാജസ്ഥാനിലെ ജാമുവ രാംഗഡ് വന്യജീവിസങ്കേതവുമായി ബന്ധപ്പെട്ട ഇടക്കാല അപേക്ഷയിലാണ് ജൂൺ മൂന്നിന് മൂന്നംഗബെഞ്ച് വിധിപറഞ്ഞത്. അത് രണ്ടംഗബെഞ്ചിന് തിരുത്താനാവില്ലെന്നതിനാലാണ് ഇപ്പോൾ മൂന്നംഗബെഞ്ചിനുവിട്ടത്.
വിധിയിൽ ഭേദഗതിതേടി കേന്ദ്രം നൽകിയ ഹർജിയിൽ കക്ഷിചേർന്ന് കേരളവും ആവശ്യങ്ങളുന്നയിച്ചു. നിർദിഷ്ട കരുതൽമേഖലയിൽ ജനവാസകേന്ദ്രങ്ങൾ ധാരാളമുള്ള കേരളത്തിൽ വിധി വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് സംസ്ഥാനസർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കോൺസെൽ നിഷെ രാജൻ ശങ്കറും ചൂണ്ടിക്കാട്ടി. കരട് വിജ്ഞാപനമിറങ്ങിയ മേഖലകൾക്ക് ഇളവനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേസിലെ അമിക്കസ് ക്യൂറി കെ. പരമേശ്വറും വിധിയിൽ ഇളവുവേണമെന്ന് വാദിച്ചു.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും പലയിടത്തും കരട്, അന്തിമവിജ്ഞാപനങ്ങൾ ഇറങ്ങിയതും സുപ്രീംകോടതിയെ ധരിപ്പിക്കാനാവാത്തത് ജസ്റ്റിസ് ഗവായ് ചോദ്യംചെയ്തു. ഇക്കാര്യങ്ങൾ ധരിപ്പിക്കാനായില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി പറഞ്ഞു.
ഹർജികൾ സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും