കർഷക രക്ഷയ്ക്കായി ഇൻഫാമും മലനാടും കൈകോർക്കുന്നു
കാഞ്ഞിരപ്പള്ളി: വിള സ്ഥിരതയും വില സ്ഥിരതയും മുദ്രാവാക്യമായി ഉയർത്തിപ്പിടിച്ച് കർഷകരുടെ വളര്‍ച്ചയ്ക്കായാണ് ഇൻഫാം മാര്‍ക്കറ്റിംഗ് സെൽ പ്രവര്‍ത്തനമാരംഭിച്ചതെന്ന് കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിൽ. ഇൻഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല മാര്‍ക്കറ്റിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ വിളശേഖരണ മഹോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലുള്ള പുരോഗതിയും മൂല്യത്തിലുള്ള വര്‍ധനവും വഴി കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ഇന്‍ഫാം എന്ന സംഘടനയുടെ ലക്ഷ്യം.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനുവേണ്ടിയാണ് ഇന്‍ഫാമിന്റെ കീഴില്‍ മാര്‍ക്കറ്റിംഗ് സെല്ലുകള്‍ പോലെയുള്ള വിവിധ സെല്ലുകള്‍ രൂപീകരിക്കപ്പെട്ടത്. ഇന്‍ഫാം അംഗങ്ങളല്ലാത്ത കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ ശേഖരിക്കാവുന്ന രീതിയിലേക്ക് മാര്‍ക്കറ്റിംഗ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. മലനാടുമായി കൈകോര്‍ത്ത് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ ഗുണനിലവാരമുള്ള വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളായി ജനങ്ങൡലേക്ക് എത്തിക്കുമെന്നും ഇതിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മാര്‍ക്കറ്റിംഗ് സെല്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജയിംസ് വെണ്‍മാന്തറ അധ്യക്ഷതവഹിച്ചു. വില വിതരണ ഉദ്ഘാടനം കാര്‍ഷിക ജില്ല ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ് ചെംബ്ലായിലും ഉണക്ക കപ്പയുടെ ആദ്യ വില്‍പ്പന മാര്‍ക്കറ്റിംഗ് സെല്‍ കോഓര്‍ഡിനേറ്റര്‍ ജോമോന്‍ ചേറ്റുകുഴിയും നിര്‍വഹിച്ചു.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സെക്രട്ടറി പി.വി. മാത്യു പ്ലാത്തറ, റിസേര്‍ച്ച് സെല്‍ കോഓര്‍ഡിനേറ്റര്‍ നെല്‍വിന്‍ സി. ജോയി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ക്കറ്റിംഗ് സെല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത് സ്വാഗതവും കോഓര്‍ഡിനേറ്റര്‍ കെ.കെ. സെബാസ്റ്റിയന്‍ കൈതയ്ക്കല്‍ നന്ദിയും പറഞ്ഞു.
സമ്മേളനത്തിനു മുന്നോടിയായി പുഷ്പചക്ര സമര്‍പ്പണം ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അമര്‍കിസാന്‍ ദീപം തെളിയിക്കല്‍, പുഷ്പചക്രം സമര്‍പ്പിക്കല്‍, കര്‍ഷക ഡാന്‍സ്, താലൂക്ക് പ്രസിഡന്റുമാരെ ആദരിക്കല്‍ എന്നിവയും നടന്നു.