മിശ്രിത റബ്ബറിന്റെ ഇറക്കുമതിത്തീരുവ ഉയർത്തൽകർഷകർക്ക് ഗുണംചെയ്യില്ല 

: മിശ്രിത റബ്ബറിന്റെ ഇറക്കുമതിത്തീരുവ ഉയർത്താനുള്ള കേന്ദ്രതീരുമാനം ആഭ്യന്തരവിപണിക്ക് ഗുണംചെയ്യില്ലെന്ന് കർഷകർ. ആസിയാൻ കരാറിന്റെപേരിലുള്ള ഇറക്കുമതിത്തീരുവ ഇളവുകൾ നിലനിൽക്കുന്നതാണ് കേന്ദ്രതീരുമാനത്തിന് വെല്ലുവിളിയാകുന്നത്. ഇക്കൊല്ലത്തെ സീസൺ ഏതാണ്ട് അവസാനിച്ചിട്ടും സ്വാഭാവിക റബ്ബർവിപണിയിൽ കാര്യമായ ചലനമൊന്നുമുണ്ടായിട്ടില്ല. ആർ.എസ്.എസ്. ഫോർ റബ്ബർവില 143-ൽ തുടരുകയാണ്. 

ബജറ്റിലൂടെയാണ് മിശ്രിത റബ്ബറിന്റെ ഇറക്കുമതിത്തീരുവ പത്തിൽനിന്ന്‌ 25 ശതമാനമായി ഉയർത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 

രാജ്യത്ത് റബ്ബർ ഉത്പന്നനിർമാണക്കമ്പനികൾ ഇറക്കുമതി ചെയ്യുന്ന കാർബൺ, സിലിക്ക എന്നിവ കലർന്ന മിശ്രിത റബ്ബറിന്റെ (കോമ്പൗണ്ട് റബ്ബർ) 88 ശതമാനവും ആസിയാൻ കരാറിൽ ഉൾപ്പെട്ട തായ്‌ലാൻഡ്, മലേഷ്യ, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ്.

2021-22-ൽ ഇറക്കുമതി ചെയ്ത 1,14,636 മെട്രിക് ടൺ മിശ്രിത റബ്ബറിൽ 0.69 ടണ്ണും കാർബൺ, സിലിക്ക എന്നിവയിലേതെങ്കിലും കലർത്തിയതാണ്. 

ആസിയാൻ സ്വതന്ത്രവ്യാപാരക്കരാറിന്റെ ഭാഗമായി ഈ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പൂജ്യംമുതൽ അഞ്ചുശതമാനംവരെ മാത്രമാണ് തീരുവ. അതിനാൽത്തന്നെ തീരുവ ഉയർത്തുന്ന നടപടി ആ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയുടെ തോത് കുറയ്ക്കുകയോ കേന്ദ്രസർക്കാരിന്റെ നികുതിവരുമാനം ഉയർത്തുകയോ ചെയ്യില്ല. ഇറക്കുമതി അനുസ്യൂതം തുടരുകയും ചെയ്യും. 

തീരുവ ഉയർത്തൽ അമേരിക്ക, ജർമനി, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളെമാത്രമാണ് ബാധിക്കുക. അവിടെനിന്ന് മിശ്രിതറബ്ബർ ഇറക്കുമതി ഏതാണ്ട് 45 ശതമാനം മാത്രമാണ്. അതാകട്ടെ മിശ്രിത റബ്ബറിന്റെ മറ്റു പലരൂപങ്ങളിലുമായതിനാൽ റബ്ബറിന്റെ ആഭ്യന്തരവിപണിയിൽ വില ഉയരുമെന്ന് കർഷകർ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് തോട്ടമുടമകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള (എ.പി.കെ.) ചൂണ്ടിക്കാട്ടുന്നത്. 

യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെയും (ഉപാസി) മറ്റും സമ്മർദത്തെത്തുടർന്ന് ബജറ്റിനുശേഷം വിഷയം ചർച്ചചെയ്യാൻ കേന്ദ്രവാണിജ്യമന്ത്രാലയം പ്രത്യേക യോഗംവിളിച്ചെങ്കിലും വിശദമായ പഠനം നടത്തുമെന്നുമാത്രമാണ് അവർ നൽകിയിട്ടുള്ള ഉറപ്പ്. 

ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്കുകൂടി തീരുവവർധന ബാധകമായാലേ കേന്ദ്രതീരുമാനത്തിന്റെ ഗുണം കർഷകർക്ക് ലഭിക്കൂവെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പുനഃപരിശോധന വേണമെന്നും എ.പി.കെ. സെക്രട്ടറി ബി.കെ. അജിത്ത് പറഞ്ഞു

ബജറ്റിലാണ് മിശ്രിത റബ്ബറിന്റെ ഇറക്കുമതിത്തീരുവ പത്തിൽനിന്ന്‌ 25 ശതമാനമായി ഉയർത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്

error: Content is protected !!