തൊഴിൽ നഷ്ടപ്പെട്ട അധ്യാപകർക്ക് സംരക്ഷണംഎയ്ഡഡ് മേഖലയിൽ എളുപ്പമാവില്ല 

: തസ്തികനിർണയത്തിൽ തൊഴിൽ നഷ്ടമായ അധ്യാപകരെ സംരക്ഷിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അത് എയ്ഡഡ് മേഖലയിൽ അത്ര എളുപ്പമാവില്ല. 

നിലവിലുള്ള നിയമവും ഉത്തരവുകളും പൂർണമായും അനുകൂലമല്ലാത്തതാണ് കാരണം. 2015-നുശേഷം ജോലിയിൽ കയറിയവർക്ക് സംരക്ഷണാനുകൂല്യം ലഭിക്കാത്തതാണ് കാരണം. ഇപ്പോൾ പൂർത്തിയായ തസ്തികനിർണയത്തിൽ എയ്ഡഡ് മേഖലയിൽ നഷ്ടപ്പെട്ട 2996 തസ്തികകളിലൂടെ പുറത്തായവരിൽ 70 ശതമാനത്തോളംപേർ 2015-നുശേഷം ജോലിക്കുകയറിയവരാണ്. 

സർക്കാർസ്കൂളുകളിൽനിന്ന് 1638 തസ്തികകൾ നഷ്ടപ്പെട്ടെങ്കിലും ആ തസ്തികകളിലെ അധ്യാപകരെ മറ്റ് സർക്കാർ സ്കൂളുകളിലേക്ക് പുനഃക്രമീകരിക്കും. എന്നാൽ, എയ്ഡഡ് സ്കൂളുകളിൽ 2015-നുശേഷം കയറിയവർ തസ്തികനഷ്ടംവന്നാൽ പുറത്തുപോകേണ്ടിവരും. 

അധ്യാപക-വിദ്യാർഥി അനുപാതം കുറച്ച് ഈ അധ്യാപകരെ സംരക്ഷിക്കാമെന്ന് പറയുന്നുണ്ടെങ്കിലും അത് ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കാര്യത്തിൽ നടക്കില്ല. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകൾ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽവരുന്നതാണ് ഇതിനു കാരണം. 

ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ 1:30-ഉം അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിൽ 1:35-ഉം ആണ് അധ്യാപക-വിദ്യാർഥി അനുപാതം. ഈ അനുപാതം ഇനിയും കുറയ്ക്കാൻ സംസ്ഥാനസർക്കാരിന് ആവില്ല. കാരണം, അത് പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. 

ഇപ്പോൾ പുറത്തുപോകുന്ന എയ്ഡഡ് അധ്യാപകരിൽ നല്ലൊരുപങ്കും ഈ ഗണത്തിൽപ്പെടുന്നതാണ് തൊഴിൽസംരക്ഷണത്തിൽ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നു പറയാൻ കാരണം. 

ഒമ്പത്, 10 ക്ലാസുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തിലാണ് സർക്കാർ വർഷങ്ങളായി ഇളവുനൽകിക്കൊണ്ടിരിക്കുന്നത്. 1:45 എന്ന അനുപാതം ഓരോ വർഷവും 1:40 എന്നതിലേക്ക് താഴ്ത്തിയാണ് ഈ ക്ലാസുകളിലെ അധ്യാപകരെ സംരക്ഷിച്ചുപോരുന്നത്.

error: Content is protected !!