ബിജുവിന് “കരുതലായി’ സുമനസുകൾ
കാഞ്ഞിരപ്പള്ളി: വണ്ടിപ്പെരിയാർ സ്വദേശി മാളിയേക്കൽ ബിജു എബ്രാഹമിന് തല ചായ്ക്കാനൊരിടമൊരുക്കുന്നു. ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കരുതൽ ഉച്ചയൂണ് കൂട്ടായ്മയാണ് ബിജുവിന് വീട് നിർമിക്കാൻ സ്ഥലം വാങ്ങി നൽകിയത്.
കാഞ്ഞിരപ്പള്ളി തുമ്പമടയിലാണ് സെന്റിന് 65,000 രൂപ മുടക്കി നാല് സെന്റ് സ്ഥലം വാങ്ങിയത്. ആധാരമടക്കം നടത്തി കരുതൽ ഭാരവാഹികൾ ചേർന്ന് രേഖകൾ ബിജുവിന് കൈമാറി.
സെക്യൂരിറ്റി ഗാർഡായി വണ്ടിപ്പെരിയാറിൽ ജോലി ചെയ്യുന്ന ബിജു ഭാര്യ മോളിയോടൊപ്പം 35 വർഷമായി വാടകയ്ക്കാണ് താമസം. തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന ബിജുവിന് സ്വന്തമായി സ്ഥലമെന്നത് സ്വപ്നം മാത്രമായിരുന്നു. ബിജുവിന്റെ ആവശ്യം കണ്ടറിഞ്ഞ് സ്ഥലം വാങ്ങി നൽകാമെന്ന് പറഞ്ഞ് പലരും എത്തിയെങ്കിലും വഞ്ചിക്കപ്പെട്ടു. മുന്പ് വണ്ടിപ്പെരിയാറ്റിൽ സേവനമനുഷ്ഠിച്ച ഇപ്പോൾ ചേപ്പാട് മർത്തോമാ പള്ളിയിലെ വികാരി കൂടിയായ ഫാ. റോയി തോമസ് ബിജുവിന്റെ അവസ്ഥ പള്ളിയിൽ പ്രാർഥനയ്ക്കിടെ വിവരിച്ചതാണ് വഴിത്തിരിവായത്. പ്രാർഥനയിൽ പങ്കെടുക്കാനെത്തിയ കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ ചെയർമാൻ കൂടിയായ ഷാജി കെ. ഡേവിഡ് വീട് നിർമിക്കാനുള്ള സ്ഥലം വാങ്ങി നൽകാമെന്ന് ബിജുവിനെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് ഭാര്യ വീടിനു സമീപം ബിജു തന്നെ കണ്ടെത്തിയ സ്ഥലം കരുതൽ ഭാരവാഹികൾ ചേർന്ന് വാങ്ങി നൽകിയത്. ഇനി ഈ സ്ഥലത്ത് ഒരു വീട് കൂടി ഉയരേണ്ടതുണ്ട്. അതിനായും സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിജുവും ഭാര്യ മോളിയും.തുമ്പമടയിൽ നടന്ന ചടങ്ങിൽ കരുതൽ ഭാരവാഹികളായ ഷാജി കെ. ഡേവിഡ്, തോമസ് വർഗീസ്, അനീഷ് സെന, മാഹിൻ, റിയാസ് എന്നിവർക്ക് പുറമെ പഞ്ചായത്തംഗം അമ്പിളി ഉണ്ണികൃഷ്ണനും പങ്കെടുത്തു. ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കരുതൽ ഉച്ചയൂണ് കൂട്ടായ്മ വ്യത്യസ്തമായ ചലഞ്ചുകളിലൂടെ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഹരിപ്പാട് താലൂക്കാശുപത്രിയിൽ ഉച്ചഭക്ഷണം നൽകുന്നത് കൂടാതെ 50 വീടുകൾ നിർമിച്ച് നൽകുകയും 50 പെൺകുട്ടികളുടെ വിവാഹം നടത്തുകയും ഇതുവരെ ഈ കൂട്ടായ്മ ചെയ്തു കഴിഞ്ഞു.