ഓംബുഡ്സ്മാൻ ഉത്തരവിട്ടു : വൃദ്ധർക്ക് കട്ടിൽ നൽകി പഞ്ചായത്ത്.
എരുമേലി : ഓംബുഡ്സ്മാൻ ഉത്തരവിനെ തുടർന്ന് ആറ് കുടുംബങ്ങൾക്ക് എരുമേലി പഞ്ചായത്ത് അധികൃതർ കട്ടിൽ വിതരണം ചെയ്തു. പട്ടിക ജാതി വിഭാഗത്തിലുള്ള വയോധികർക്ക് കട്ടിൽ നൽകുന്ന പദ്ധതിയിൽ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടും മുൻഗണനയുണ്ടായിട്ടും കട്ടിൽ കിട്ടിയില്ലെന്ന പരാതിയിലായിരുന്നു ഉത്തരവ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റീസ് പി എസ് ഗോപിനാഥൻ ആണ് ഉത്തരവ് നൽകിയത്. ശ്രീനിപുരം വാർഡിലെ എട്ട് വയോധികർക്കാണ് കട്ടിൽ ലഭിക്കാതിരുന്നത്. ഇവരിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. മൊത്തം 16 പേരായിരുന്നു ഗുണഭോകൃത പട്ടികയിൽ. ഇവരിൽ എട്ട് പേർക്ക് മുൻഗണനാക്രമം തെറ്റിച്ച് കട്ടിൽ നൽകിയെന്നും അർഹരായ മറ്റ് എട്ട് പേരെ ഒഴിവാക്കിയെന്നും കാട്ടി വിവരവകാശ പ്രവർത്തകൻ ബിജു വഴിപ്പറമ്പിൽ ഓംബുഡ്സ്മാനിൽ പരാതി നൽകി. ഇതേതുടർന്ന് നടത്തിയ ഹിയറിങ്ങുകളിൽ മുൻഗണനാക്രമം മറികടന്നുവെന്ന് അറിയിച്ച ഓംബുഡ്സ്മാൻ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് കട്ടിൽ നൽകാൻ ഉത്തരവിടുകയായിരുന്നു. ഇതേതുടർന്ന് ആറ് പേർക്ക് ഇന്നലെ കട്ടിൽ നൽകി. ഗുണഭോക്താക്കളിൽ രണ്ട് പേർ മരണപ്പെട്ടതിനാൽ ഒഴിവാക്കി. കട്ടിൽ വിതരണം നടത്തിയതിന്റെ ചിത്രങ്ങൾ സഹിതം റിപ്പോർട്ട് നൽകണമെന്നും ഓംബുഡ്സ്മാൻ നിർദേശിച്ചിരുന്നു.