ജീപ്പ് ഇന്നോവയിലും, ബസിലും ഇടിച്ച് ഏഴ് പേർക്ക് പരുക്ക്
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ഒന്നാം മൈലിന് സമീപം വളവിൽ ബസിനെ ഓവർടേക്ക് ചെയ്ത ജീപ്പ് എതിരെ വന്ന ഇന്നോവയിലും, ബസ്സിലും ഇടിച്ചതിനു ശേഷം നിയന്ത്രണം വിട്ട് സമീപത്തെ കൽകെട്ടിൽ ഇടിച്ച് നിന്നു . അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു.
തിരുവനന്തപുരം ശംഖുമുഖത്തിൽ നിന്നും വാഗമണ്ണിലേക്ക് പോവുകയായിരുന്നു ലിംഫോർട്ട് സ്റ്റീഫൻ, രഹന വിജയൻ, ചക്കുമോൾ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന കൈത തോട്ടം ജീവനക്കാരായ മുട്ടപ്പള്ളി സ്വദേശികളായ, നൗഫൽ, സീനത്ത്, പുലിക്കുന്ന് സ്വദേശികളായ ബ്രിജിത്ത്, സജിനി എന്നിവർക്കുമാണ് പരുക്കേറ്റത്.പാലായിൽ നിന്നും മുണ്ടക്കയം പോവുകയായിരുന്ന സ്വകാര്യ ബസിൽ ഇടിച്ച ശേഷം ജീപ്പ് സമീപത്തെ കൽ കെട്ടിൽ ഇടിച്ചു നിൽക്കുവായിരുന്നു.
.
കാളകെട്ടിയിലെ ജോലി സ്ഥലത്ത് ജീവനക്കാരെ ഇറക്കിയ ശേഷം മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പ്. അപകടം ഉണ്ടാക്കിയ ജീപ്പിന്റെ അമിതവേഗമാണ് അപകടത്തിന് വഴിവെച്ചത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ് എത്തിയാണ് അപകടത്തിൽ പെട്ട വാഹനം മാറ്റിയത്.