കാറിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവം ; ജോസ് കെ.മാണിയുടെ മകനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു
മണിമല: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി(19) യുടെ അറസ്റ്റുരേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം. മാണി ജൂനിയറിനെതിരെ കേസെടുത്തത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണിമല ബി.എസ്.എൻ.എൽ. ഓഫീസിന് സമീപം ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന, കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ ജിസ് ജോൺ (35), സഹോദരൻ ജിൻസ് ജോൺ(30) എന്നിവരാണ് മരിച്ചത്.
അപകടസമയത്ത് വാഹനമോടിച്ചത് 47 വയസ്സുള്ള ഒരാൾ എന്നേ എഫ്.ഐ.ആറിൽ പോലീസ് ആദ്യം രേഖപ്പെടുത്തിയിരുന്നുള്ളൂ.
എന്നാൽ, ഞായറാഴ്ച രാത്രി കെ.എം. മാണി ജൂനിയർ മണിമല പോലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് അറസ്റ്റുരേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ജോസ് കെ.മാണിയുടെ സഹോദരീഭർത്താവാണ് കാറിന്റെ ഉടമസ്ഥൻ. കാറിന്റെ പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് അപകടമെന്ന് മണിമല പോലീസ് അറിയിച്ചു. കാർ അമിതവേഗത്തിലായിരുന്നെന്നും പെട്ടെന്ന് ബ്രേക്കുചെയ്ത ഈ വാഹനം വട്ടംകറങ്ങിയപ്പോൾ സ്കൂട്ടർ പിന്നിൽ ഇടിക്കുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കെ.എം.മാണിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.