നാക് റീ അക്രഡിറ്റേഷനിൽ കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജിന് മികച്ച നേട്ടം

കുട്ടിക്കാനം: ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന നാക് റീ അക്രഡിറ്റേഷനിൽ കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജ് നാലിൽ 3.71 പോയിന്റോടെ ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസ് പ്ലസ് നേടി. ഓരോ തവണയും പോയിന്റ് നിലവാരം ഉയർത്തി തുടർച്ചയായി മൂന്നാം തവണയാണ് ഏറ്റവും ഉയർന്ന ഗ്രേഡ് മരിയൻ കോളേജ് കരസ്ഥമാക്കുന്നത്. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മരിയൻ കോളേജിന് പാഠ്യപഠ്യേതര മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം ലഭിച്ചത്.

പാഠ്യപദ്ധതി, മൂല്യനിർണയം, അധ്യാപന ഗവേഷണ രംഗങ്ങളിലെ മികവ്, ഇന്നവേഷൻ, എക്സ്സ്റ്റെൻഷൻ പ്രവർത്തനങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥി കേന്ദ്രീകൃത ഫലാധിഷ്‌ഠിത പഠന രീതി, വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹനം തുടങ്ങിയവ വിലയിരുത്തിയാണ് മരിയൻ കോളേജിന് ഈ ഉയർന്ന ഗ്രേഡ് നേടാനായത് . മികച്ച കമ്പനികളിൽ ഉയർന്ന ശമ്പളത്തോടു കൂടിയുള്ള പ്ലേസ്മെന്റ് നേടിക്കൊടുക്കുന്നതിലുള്ള മികവും പ്രത്യേക പരിഗണന നേടി.

നാക് അക്രഡിറ്റേഷൻറെ നാലാംവട്ട വിലയിരുത്തലാണ് ഇപ്പോൾ നടന്നത്. മാനേജ്മെന്റ്, വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ, പൂർവ വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് ആധാരമായത് എന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് അറിയിച്ചു. കോളേജിലെ വിവിധ വകുപ്പുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ, ഹോസ്റ്റലുകൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിയോ വിഷ്വൽ റെക്കോർഡിങ് സ്റ്റുഡിയോ, ഹെൽത് ആൻഡ് വെൽനെസ് സെന്റർ, കലാ കായിക പരിശീലന സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം നാക് വിദഗ്ദ്ധ സമിതി പരിശോധിക്കുകയും മാനേജ്മെന്റ്, വിദ്യാർഥികൾ, അധ്യാപക – അനധ്യാപക ജീവനക്കാര്‍, പൂർവ വിദ്യാർഥികൾ, രക്ഷകർത്താക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഭാഗമായി 1995ൽ സ്ഥാപിതമായ മരിയൻ കോളേജ്, പ്രവർത്തനം തുടങ്ങി എട്ടു വർഷത്തിനുള്ളിൽതന്നെ ആദ്യ അക്രെഡിറ്റേഷൻ നേടി. 2016ൽ സ്വയം ഭരണ പദവി നേടുമ്പോൾ ആ പദവിയിലെത്തുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോളേജായിരുന്നു മരിയൻ. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ മികച്ച വിദ്യാഭ്യാസം തേടി ഇവിടെ എത്തുന്നു.

കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ്, അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം, ഐ. ക്യു. എ. സി കോ ഓർഡിനേറ്റർ ഡോ. ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രെഡിറ്റേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

error: Content is protected !!