പൂതക്കുഴി – പട്ടിമറ്റം റോഡ്: രണ്ടാംഘട്ട നവീകരണം 15ന് :
കാഞ്ഞിരപ്പള്ളി: വർഷങ്ങളായി തകർന്ന കിടന്ന പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണം 15ന് ആരംഭിക്കും. 62.5 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്.
ദേശീയ പാത183ല്‍ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനില്‍നിന്നാരംഭിച്ച് എരുമേലി റോഡില്‍ പട്ടിമറ്റത്ത് എത്തുന്ന റോഡിന്റെ കെഎംഎ ചില്‍ഡ്രന്‍സ് ഹോമിന് സമീപമുള്ള പാലംവരെ മഴക്കാലത്ത് വെള്ളം കയറുന്ന 500 മീറ്റര്‍ ഭാഗമാണ് നവീകരിക്കുന്നത്.
കഴിഞ്ഞ പ്രളയത്തില്‍ റോഡരികിലെ തടയണ കര കവിഞ്ഞ് റോഡില്‍ വെള്ളം കയറി റോഡ് തകര്‍ന്നിരുന്നു. ആദ്യ ഘട്ടത്തില്‍ പടപ്പാടി തോട്ടില്‍ പൂതക്കുഴി – പട്ടിമറ്റം റോഡിന് സംരക്ഷണഭിത്തി നിര്‍മിക്കുകയും തോട്ടിലെ വെള്ളം റോഡില്‍ കയറാതിരിക്കാന്‍ മൂന്ന് അടി കൂടി മണ്ണിട്ട് റോഡ് ഉയര്‍ത്തുകയും ചെയ്തു. റോഡില്‍ വെള്ളമൊഴുക്കുണ്ടാകുന്ന ഭാഗത്ത് ടൈല്‍പാകി.
രണ്ടാംഘട്ടത്തില്‍ റോഡിന്റെ വശത്ത് ഓട നിര്‍മാണം, റീ ടാറിംഗ്, വെള്ളം കയറുന്ന ഭാഗത്ത് കോണ്‍ക്രീറ്റിംഗ്, സംരക്ഷണ ഭിത്തിയില്‍ കൈവരി നിര്‍മാണം, പുതിയതായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകളില്‍ വഴിവിളക്കുകള്‍ എന്നിവ നടപ്പാക്കുമെന്ന് വാര്‍ഡംഗം പി.എ.ഷെമീര്‍ പറഞ്ഞു.
റോഡ് നവീകരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍നിന്നു 10 ലക്ഷം രൂപയും സംരക്ഷണ ഭിത്തി നിര്‍മാണത്തിനു ജല വിഭവ വകുപ്പില്‍നിന്നു 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജന് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
റോഡ് നവീകരണത്തിന് 2022 – 23, 2023-24 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്തില്‍നിന്നു 28.5 ലക്ഷം രൂപയും അനുവദിച്ചിട്ടുള്ളതായും പ്രവേശന കവാടത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 4.5 ലക്ഷം രൂപ ആന്റോ ആന്റണി എംപി അനുവദിച്ചതായും വാര്‍ഡംഗം പി.എ. ഷെമീര്‍ അറിയിച്ചു.