കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപിക സിസ്റ്റര്‍ ജിജി പുല്ലത്തിലിന് വൃക്ഷബന്ധു അവാര്‍ഡ്
പരിസ്ഥിതി സ്ഥാപനമായ വൃക്ഷബന്ധു പ്ലാന്റേഷന്‍സ്, ജില്ലയിലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 2022ലെ വൃക്ഷബന്ധു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശി എബി ഇമ്മാനുവല്‍ പൂണ്ടിക്കുളം, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപിക സിസ്റ്റര്‍ ജിജി പുല്ലത്തില്‍ എന്നിവരാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്തിപത്രവും ശില്പവും 20,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.
പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകനായ എബി ഇമ്മാനുവല്‍ മീനച്ചില്‍ നദീസംരക്ഷണസമിതി സെക്രട്ടറി, പൂഞ്ഞാര്‍ ഭൂമിക സെക്രട്ടറി, പാതാമ്പുഴ വനസ്ഥലി ആവാസ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ക്ലൈമെറ്റ് ആക്ഷന്‍ ഗ്രൂപ്പ്, മീനച്ചില്‍ നദീ-മഴ നിരീക്ഷണ ശൃംഖല, ഭൂമിക നേറ്റീവ് കളക്ടീവ്, വിത്തുകുട്ട, പൂഞ്ഞാര്‍ ടൂറിസം തുടങ്ങി നിരവധി പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യവുമാണ്.
അപ്പസ്തോലിക് ഒബ്ലേറ്റ് സഭാംഗമായ സിസ്റ്റര്‍ ജിജി പുല്ലത്തില്‍, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളില്‍ 2008ല്‍ രൂപീകരിച്ച ജീവന് ബയോഡൈവേഴ്സിറ്റി ക്ലബ് മുഖാന്തരം വിദ്യാര്‍ഥികൾക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ വ്യാപകമായ പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റേതുള്‍പ്പെടെ ആറ് പ്രമുഖ പരിസ്ഥിതി പുരസ്കാരങ്ങള്‍ മുന്‍പ് ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
അടുത്ത മാസം ഭരണങ്ങാനത്ത് നടക്കുന്ന പൊതുചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് വൃക്ഷബന്ധു പ്ലാന്റേഷന്‍സ് ഡയറക്ടര്‍ മാത്യുക്കുട്ടി തെരുവപ്പുഴ അറിയിച്ചു.