സഹോദരങ്ങൾക്ക് മണിമലയുടെ അന്ത്യാഞ്ജലി
മണിമല: കാറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി.
കഴിഞ്ഞ ദിവസം പൊൻകുന്നം – പുനലൂർ റോഡിൽ മണിമല മൂക്കനാനിക്കൽപടിയിലുണ്ടായ അപകടത്തിലാണ് മണിമല പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ (35), സഹോദരൻ ജിൻസ് ജോൺ (30) എന്നിവർ മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മണിമല ഹോളിമാഗി ഫെറോന പള്ളിയിൽ നടന്ന സംസ്കാരചടങ്ങുകളിൽ ആയിരങ്ങളാണ് സഹോദരങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.
ഈസ്റ്റർ ദിനത്തിൽ മണിമല ഉണർന്നത് സഹോദരങ്ങളായ മാത്യുവിന്റെയും ജിൻസിന്റെയും വിയോഗവാർത്ത കേട്ടാണ്. എല്ലാകാര്യങ്ങളിലും പുഞ്ചിരിയോടെ ഓടിയെത്തുന്ന നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട സഹോദരങ്ങളാണ് ഇരുവരും.
മേസ്തിരി പണിക്കാരനായ യോഹന്നാനും (62) സിസമ്മയ്ക്കും (60) രണ്ടു മക്കളേയും നഷ്ടമായതോടെ കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഇല്ലാതായത്.
വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് സ്വന്തമായൊരു വീട് എന്നത് സ്വപ്നമായിരുന്നു.
ഇതിനായി ആറു സെന്റ് സ്ഥലത്തിന് അഡ്വാൻസ് നൽകിയിരുന്നു. ഇരുവരും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരാണ്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6.30ന് കറിക്കാട്ടൂർ ഭാഗത്തേക്കു പോയ സ്കൂട്ടറും എതിരെ വന്ന കാറും തമ്മിൽ ഇടിക്കുകയായിരുന്നു.