കൂവപ്പള്ളി കുരിശുമലയിലെ പുതുഞായർ ആചരണം ഭക്തിസാന്ദ്രമായി ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലേയും, കിഴക്കൻ പ്രദേശത്തെ പ്രശസ്തമായ കൂവപ്പള്ളി കുരിശുമല തീർത്ഥാടനവും പുതുഞായർ ആചരണവും ആഘോഷപൂർവ്വം കൊണ്ടാടി.
രണ്ടര പതിറ്റാണ്ട് മുൻപ് വരെ, മലയാറ്റൂർ കുരിശുമല കഴിഞ്ഞാൽ മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ കുരിശുമലയായിരുന്നു 109 വർഷത്തെ പാരമ്പര്യമുള്ള പുണ്യപുരാതന തീർത്ഥാടനകേന്ദ്രമായ കൂവപ്പള്ളി കുരിശുമല. പ്രകൃതിദത്തമായ മലയുടെ മുകളിലേക്കുള്ള കുരിശിന്റെ വഴിക്ക് ഒന്നര കിലോമീറ്റർ നീളമാണ് ഉള്ളത് . കുത്തനെയുള്ള മലകയറ്റം കഠിനമാണെങ്കിലും ആയിരക്കണക്കിന് ഭക്തർ നാൽപതാം വെള്ളിയാഴ്ചയും, ദുഖവെള്ളിയാഴ്ചയും, പുതുഞായറാഴ്ചയും കൂവപ്പള്ളി കുരിശുമല മലകയറി അനുഗ്രഹങ്ങൾ പ്രാപിക്കാറുണ്ട്.
യേശുദേവന്റെ പീഡാനുഭവത്തെ സൂചിപ്പിക്കുന്ന മുപ്പതടി ഉയരമുള്ള തിരുസ്വരൂപം മലയുടെ അടിവാരത്ത് സ്ഥാപിച്ചിട്ടുണ്ട്. വലിയ നോയമ്പിലെ നാൽപതാം വെള്ളിയാഴ്ചയാണ്, ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പുകർമ്മം നടത്തിയത് . മൈക്കൽ ആഞ്ജലോയുടെ വിഖ്യാതമായ, കുരിശുമരണത്തിന് മുൻപ് പീലാത്തോസിന് മുമ്പിൽ വിചാരണ ചെയ്യപ്പെടുന്ന യേശുവിന്റെ രൂപത്തെ ആസ്‍പദമാക്കി വളരെ മനോഹരമായി നിർമ്മിച്ച തിരുസ്വരൂപമാണ് മലയടിവാരത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. തിരുസ്വരൂപത്തിന് 23 അടി ഉയരമുണ്ട് . പീഠത്തിനു 7 അടിയും. ആകെ 30 അടി പൊക്കത്തിലാണ് രൂപം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
പുതുഞായറാഴ്ച മലയുടെ മുകളിൽ അർപ്പിച്ച ആഘോഷമായ വിശുദ്ധ കുർബാനകളിൽ ആയിരക്കണക്കിന് വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു. അന്നേ ദിവസം ഭക്തർ അതിരാവിലെ മുതൽ , തിരുസ്വരൂപത്തെ വണങ്ങി, കുരിശിന്റെ വഴി ചൊല്ലി ഭക്തിപൂർവ്വം മലകയറി, വിശുദ്ധ കുരിശിന്റെ പുണ്യതയിൽ പങ്കാളികളായി അനുഗ്രഹങ്ങൾ പ്രാപിച്ചു.
16-ാം തീയതി ഞായറാഴ്ച രാവിലെ 7.30 ന് മലമുകളിൽ പരി. കുർബാന അർപ്പിച്ചു. 9 ന് അടിവാരത്തുനിന്നും കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി. തുടർന്ന് 10.30 ന് ആഘോഷമായ പരി. കുർബാന അർപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മൈനർ സെമി നാരി റെക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ സന്ദേശം നൽകി.
കത്തീദ്രൽ വികാരി റവ. ഫാ. വർഗീസ് പരിന്തിരിക്കൽ, റവ. ഫാ. ആന്റോ പേഴുംകാട്ടിൽ, റവ. ഫാ. ജോസഫ് വൈപ്പുമഠം, റവ.ഫാ. ജെയിംസ് മുളഞ്ഞിനാനിക്കര, കൈക്കാരന്മാരായ സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ, ജോസഫ് മൈക്കിൾ കരിപ്പാ പറമ്പിൽ, പാപ്പച്ചൻ കരിമ്പനാൽ, ഔസേപ്പച്ചൻ മണ്ണംപ്ലാക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.