അരങ്ങിൽ നാല് കഥകളിയുമായി നാട്യമണ്ഡലം വാർഷികം
പൊൻകുന്നം: പുതിയകാവ് ദേവസ്വത്തിലെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ പ്രഥമവാർഷികം 23-ന് പുതിയകാവ് ക്ഷേത്രസന്നിധിയിൽ നടത്തും. രാവിലെ 10-ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ്. നായകസഭാംഗം അഡ്വ. എം.എസ്.മോഹൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡംഗം ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും.
കഥകളിനടൻ തിരുവഞ്ചൂർ സുഭാഷിന് നാട്യമണ്ഡലം പുരസ്‌കാരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എം.അനിൽകുമാർ സമ്മാനിക്കും. കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായർ അവാർഡ് നേടിയ ഗോവിന്ദ് ഗോപകുമാറിനെ അനുമോദിക്കും. 11-ന് നാട്യമണ്ഡലം ഡയറക്ടർ മീനടം ഉണ്ണിക്കൃഷ്ണൻ നയിക്കുന്ന കഥകളി ആസ്വാദനക്കളരി. കലാമണ്ഡലം ഭാഗ്യനാഥും തിരുവഞ്ചൂർ സുഭാഷും അഭിനയാവതരണം നടത്തും. 12-ന് തിരുവാതിര, 2.30-ന് പകലരങ്ങിൽ കഥകളി തുടങ്ങും. എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി കെ.എൻ.സുരേഷ്‌കുമാർ കളിവിളക്ക് തെളിക്കും. പകലരങ്ങിൽ കഥകളി നളചരിതം മൂന്നാംദിവസം, കുചേലവൃത്തം, കീചകവധം എന്നീ കഥകൾ അവതരിപ്പിക്കും. വൈകീട്ട് ഏഴിന് സന്താനഗോപാലം മേജർസെറ്റ് കഥകളിയുമുണ്ട്.