ക്ഷേത്രത്തിൽ മോഷണത്തിന് ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിപ്പിച്ചു

പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമം നടത്തുന്നതിനിടെ മോഷ്ടാവിനെ പരിസരവാസികൾ കൈയോടെ പിടികൂടി പോലീസിന് കൈമാറി. അടിമാലി ചക്കിയാങ്കൽ പത്മനാഭൻ ( 63 ) ആണ് വ്യാഴാഴ്ച പുലർച്ചെ മോഷണശ്രമത്തിനിടെ പിടിയിലായത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ദേവസ്വം ഓഫീസ് കെട്ടിടത്തിലെ വഴിപാട് കൗണ്ടറിനോട് ചേർന്നുള്ള സ്‌റ്റോർ മുറിയുടെ ഗ്രില്ലിന്റെ താഴാണ് തകർത്തത്. ഗ്രില്ലിന്റെ പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വീട്ടുകാർ ഉണർന്നു. അവർ ആളെക്കൂട്ടി എത്തിയപ്പോഴാണ് മോഷണശ്രമം കണ്ടത്. മോഷ്ടാവ് സമീപത്തെ വീടിന്റെ മതിലിനുമുകളിലൂടെ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കാർ ഓടിക്കൂടി പിടികൂടുകയായിരുന്നു.

ഉപദേവാലയത്തിലെ ചെറിയ കാണിക്കവഞ്ചി തകർത്തിട്ടുണ്ട്. രണ്ടുദിവസം മുൻപ് ദേവസ്വം അധികൃതർ കാണിക്കവഞ്ചിയിൽ നിന്ന് പണം ശേഖരിച്ചിരുന്നതിനാൽ കാര്യമായ തുക ഉണ്ടായിരുന്നില്ല.

ആദ്യം ക്ഷേത്രത്തിലെത്തിയ പരിസരവാസികൾ ക്ഷേത്രത്തിലെ മണിമുഴക്കിയും ഫോണിലൂടെ സമീപവാസികളെ അറിയിച്ചും കൂടുതൽ ആൾക്കാരെ കൂട്ടിയിരുന്നു. ഇതിനിടെ പോലീസിനെയും വിവരമറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പദ്മനാഭനെ കസ്റ്റഡിയിലെടുത്തു.

error: Content is protected !!