എലിക്കുളം നാട്ടുചന്ത 200-ാം ആഴ്ചയിൽ
എലിക്കുളം: എലിക്കുളം നാട്ടുചന്ത 200 ആഴ്ച പിന്നിട്ടു. നാലുവർഷം മുന്പ് തുടങ്ങിയ ചന്ത എല്ലാ വ്യാഴാഴ്ചകളിലുമാണ് പ്രവർത്തിക്കുന്നത്. നാലുവർഷം മുൻപ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്ത നാട്ടുചന്ത തളിർ പച്ചക്കറി ഉല്പാദക സംഘം, എലിക്കുളം പഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. മാണി സി. കാപ്പൻ എംഎൽഎയുടെ സൗകാര്യാർഥം 200-ാം ദിവസത്തെ ആഘോഷ പരിപാടികൾ അടുത്തദിവസം നടത്തും.
വാഴക്കുലകൾ, പച്ചക്കറികൾ, ഹോം മെയ്ഡ് കറിക്കൂട്ടുകൾ, നാടൻ കോഴിമുട്ടകൾ തുടങ്ങി എല്ലാ സാധന സാമഗ്രികളും എലിക്കുളം നാട്ടുചന്തയിൽ ലഭ്യമാണ്. സ്ഥലം മാറിപ്പോവുന്ന അസിസ്റ്റന്റ് കൃഷി ഓഫീസർ അനൂപ് കരുണാകരന് നാട്ടു ചന്തയിൽവച്ച് യാത്രയയപ്പ് നൽകി.
പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് ഉദ്ഘാടനം ചെയ്തു. നാട്ടുചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ ഉപഹാരം നൽകി. രാജു അമ്പലത്തറ, വിൽസൺ പാമ്പൂരി, ഔസേപ്പച്ചൻ ഞാറയ്ക്കൽ, സോണിച്ചൻ ഗണപതിപ്ലാക്കൽ, മോഹന കുമാർ കുന്നപ്പള്ളി കരോട്ട് എന്നിവർ പ്രസംഗിച്ചു.