അലീന ടോം ആദിത്യ ബ്രിട്ടനിൽ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ : എരുമേലിയ്‌ക്കും അഭിമാനം ..
ലണ്ടനിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി മലയാളി പെൺകുട്ടിയായ അലീന ടോം ആദിത്യ ചരിത്രം കുറിച്ചു .
18 വയസ്സ് പൂർത്തിയായ അലീന, ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ എന്ന പദവി സ്വന്തമാക്കി .
ബ്രിസ്റ്റോൾ ബ്രാഡ്ലി വാർഡിലാണ് അലീനയുടെ മിന്നും ജയം. റാന്നി സ്വദേശിയും ബ്രിട്ടനിലെ മുൻ മേയറുമായ ടോം ആദിത്യയുടെ മകളാണ് അലീന. അമ്മ ലിനി എരുമേലി മഞ്ഞാങ്കൽ കല്ലമ്മാക്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകളാണ്. എരുമേലിയ്‌ക്ക് ഇത് അഭിമാന നിമിഷം.
മുതിർന്ന മുൻ മേയർമാരായ രണ്ട് പേരുമായിട്ടാണ് അലീന മത്സരിച്ചത്. എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്തതും വിധിയെഴുതിയതും അലീനയ്ക്ക് അനുകൂലമായാണ്. . പഠനം പൂർത്തിയാക്കി കോളേജ് വിദ്യാഭ്യാസത്തിനൊരുങ്ങുന്ന മകളെ ഒരു കൗൺസിലിന്റെ പ്രതിനിധിയായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നു അലീനയുടെ പിതാവ് ടോം ആദിത്യ പറഞ്ഞു
റാന്നി സ്വദേശിയാണ് അലീനയുടെ പിതാവ് ടോം ആദിത്യ . ഭരണരംഗത്ത് പലവിധ പദവികൾ വഹിച്ച അദ്ദേഹം, നിരവധി ചുമതലകൾ ഇതിനോടകം തന്നെ വഹിച്ചിട്ടുണ്ട്. മുമ്പ് മേയർ, ഡെപ്യൂട്ടി മേയർ, പ്ലാനിംഗ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2002-ൽ ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കിൽ സ്ഥിരതാമസമാക്കിയ ടോം സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്. ഭാര്യ ലിനി. അഭിഷേക്, ആൽബർട്ട്, അഡോണ, അൽഫോൺസ് എന്നിവരാണ് മറ്റ് മക്കൾ.