അജ്ഞാത ജീവിയുടെ ആക്രമണം : മൂക്കൻപ്പെട്ടിയിൽ ക്യാമറ സ്ഥാപിച്ചു
എരുമേലി: കഴിഞ്ഞ ദിവസം എരുമേലി മൂക്കൻപ്പെട്ടി അരുവിക്കൽ മേഖലയിൽ ആടിനെ ആക്രമിച്ചു കൊന്ന അജ്ഞാത ജീവിയെ പിടികൂടാൻ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. വന്യജീവി ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ മൂക്കൻപ്പെട്ടിയിലാണ് ക്യാമറ സ്ഥാപിച്ചത് .
മൂക്കൻപ്പെട്ടി കീരിത്തോട് ഭാഗത്ത് ഈറക്കൽ ജ്ഞാനകുമാറിന്റെ വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിയെ വന്യജീവി ആക്രമിച്ചു കൊന്നതിനെ
തുടർന്ന് പ്രതിഷേധമുയർന്നതിനെ തുടർന്നാണ് വീടിന് സമീപം ക്യാമറ സ്ഥാപിച്ചത്. ആടിനെ ആക്രമിച്ചത്
പുലിയാണെന്ന് നാട്ടുകാരും – ജനപ്രതിനിധികളും പറയുകയും – അതിനുശേഷവും പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്.
എരുമേലി റേഞ്ചിലെ റേഞ്ച് ഫോറസ്റ്റർ ട്രെയിനിയായ ഷിജു, പ്ലാച്ചേരി റേഞ്ച് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ക്യാമറ സ്ഥാപിച്ചത് . എട്ടോളം ആടുകളെയാണ് ജ്ഞാനകുമാർ വളർത്തുന്നത്. ഇതിൽ ഒരെണ്ണത്തിനെയാണ് വന്യ ജീവി ആക്രമിച്ചു കൊന്നത്.
വളർത്ത് മൃഗങ്ങളെ സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ആവശ്യപ്പെട്ടു.