കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷന് കുമളിയിൽ തുടക്കമായി.
കുമളി : വിശ്വാസ ബോധ്യമുള്ള തീർത്ഥാടകർക്ക് യഥാർത്ഥ തീരമണയുന്നതിന് സാധിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . രൂപതാ ദിനത്തിനൊരുക്കമായി കുമളി ഫൊറോന പള്ളി അങ്കണത്തിൽ നടത്തപ്പെടുന്ന കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷന് തുടക്കം കുറിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഉത്ഥാനത്തിന്റെ രഹസ്യം മനസ്സിലാക്കാനാവാതെ നിരാശരായി പഴയ തൊഴിലിലേയ്ക്ക് തിരികെ പോയവരെ കനിവോടെ വിളിച്ച് ചേർത്ത് തിബേരിയോസ് കടൽത്തീരത്ത് പ്രാതലൊരുക്കിയ ഈശോ പ്രത്യാശയുടെ ആഴത്തിലേക്ക് ശിഷ്യരെ ക്ഷണിച്ചു. അനുതാപത്തിലേയ്ക്കുള്ള വിളി തിരിച്ചറിഞ്ഞ് സുവിശേഷം ജീവിക്കുന്നതിലെ സന്തോഷം അനുഭവിക്കുവാൻ അവിടുന്ന് നമുക്കായി സകലതും ക്രമീകരിച്ചിരിക്കുന്നു. സ്വാർത്ഥം ഉപക്ഷിച്ച് സുവിശേഷ ദർശനങ്ങൾ സാംശീകരിച്ച് മിശിഹായാകുന്ന വഴിയിലൂടെ യാത്ര ചെയ്യുന്നവർ സുരക്ഷിത യാത്രയിലാണ്. സഭാത്മക ആദ്ധ്യാത്മികതയിൽ പാകപ്പെടുന്നതിനും കൗദാശിക ജീവിതത്തിലൂടെ കരുത്താർജ്ജിക്കുന്നതിനും ബൈബിൾ കൺവെൻഷൻ സഹായകമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ബുധനാഴ്ച വരെ നടത്തപ്പെടുന്ന കൺവെൻഷൻ വൈകുന്നേരം 4 30 ന് പരിശുദ്ധ കുർബാനയോടെ ആരംഭിച്ച് 9 മണിക്ക് സമാപിക്കും . മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൺവെൻഷന്റെ മൂന്നാം ദിവസമായ നാളെ രാവിലെ 9 മണി മുതൽ 2 വരെ യുവജന കൺവെൻഷനും നടത്തപ്പെടുന്നതാണ് . കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ 6 മണി വരെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . പരിശുദ്ധ കുർബാനയിൽ കാഞ്ഞിരപ്പള്ളി രൂപത ആരാധന ക്രമ ഗായക സംഘം ഗീതങ്ങൾ ആലപിക്കും.
മാർ ജോസ് പുളിക്കൽ വിളക്കുകൊളുത്തി ബൈബിൾ കൺവൻഷന് തുടക്കം കുറിച്ചു. രൂപതാ വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രൊക്കുറേറ്റർ ഫാ ഫിലിപ്പ് തടത്തിൽ , ജനറൽ കൺവീനർ ഫാ തോമസ് പൂവത്താനിക്കുന്നേൽ, ഫാ. ഡൊമിനിക് വാളന്മനാൽ , ഫാ. തോമസ് ഞളളിയിൽ , ഫാ. കുര്യാക്കോസ് വടക്കേടത്ത്, ഫാ.ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് തെക്കേമുറി, ഫാ.ജോസ് തട്ടാംപറമ്പിൽ, ഡീക്കൻ ചേനപ്പുരയ്ക്കൽ, ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, സന്യാസിനികൾ, വൈദിക വിദ്യാർത്ഥികൾ എന്നിവരുൾപ്പെടുന്ന വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യത്തിൽ ബൈബിൾ കൺവൻഷന് ആഘോഷപൂർവമായ തുടക്കമായി.