പാവപ്പെട്ട കർഷകരെ വന്യമൃഗങ്ങൾക്ക് സർക്കാർ വിട്ടുകൊടുക്കുന്നു : രമേശ് ചെന്നിത്തല.
എരുമേലി : പാവപ്പെട്ട കർഷകരെ വന്യമൃഗങ്ങളുടെ ഇരകളാക്കി വിധിക്ക് വിട്ടുകൊടുക്കുകയാണ് സർക്കാരെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടാൻ തോമസിനെയും ചാക്കോയെയും വിധിക്ക് വിട്ടുകൊടുത്തു. നാളെ ഇങ്ങനെ ചാക്കോമാരും തോമസുമാരും കൊല്ലപ്പെടും. ഇവരൊന്നും നാട്ടിലുണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ നയമെന്ന് അദ്ദേഹം പറഞ്ഞു. കണമലയിൽ കർഷകരെ കാട്ടുപോത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ അനാസ്ഥ ആരോപിച്ച് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണമലയിൽ കർഷകർ കൊല്ലപ്പെട്ടത് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നടത്തിയ പ്രസ്താവനയോട് പൂർണമായും യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ചാക്കോയുടെയും തോമസിന്റെയും വീട് താൻ കണ്ടെന്നും പാവപ്പെട്ട അവരുടെ വീടിന്റെ അവസ്ഥ കണ്ട് ഏറെ പ്രയാസം തോന്നിയെന്നും പറഞ്ഞ അദ്ദേഹം ആ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരമായി പത്ത് ലക്ഷം കൊടുത്താൽ മതിയോ എന്ന് ചോദിച്ചു. കേന്ദ്ര ഫണ്ട് ആണ് പത്ത് ലക്ഷമെന്നും സംസ്ഥാന സർക്കാർ ഒന്നും നൽകിയില്ലെന്നും ഒപ്പമുണ്ടായിരുന്ന ആന്റോ ആന്റണി എം പി പറഞ്ഞതോടെ സംസ്ഥാന സർക്കാർ കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഈ അടുത്ത കാലത്ത് 300 ഓളം പേരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കണമലയിലെ സൗര വേലി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചെന്നും അത് പ്രവർത്തിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ തുടങ്ങിയ പ്രദേശങ്ങളിലെ വനാതിർത്തികളിൽ വലിയ മതിലുകൾ കെട്ടുന്നുണ്ട്. ആ മതിൽ ചാടിക്കടന്ന് വന്യ മൃഗങ്ങൾ എത്തുന്നെന്ന് പരാതി വ്യാപകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ഫോറസ്റ്റ് റേഞ്ച് ഓഫിസ് പടിക്കൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ പോലിസ് സംഘം മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണയിൽ ആന്റോ ആന്റണി എം പി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൽ, പ്രൊഫ. റോണി കെ ബേബി തുടങ്ങിയവർ പ്രസംഗിച്ചു. എരുമേലി, മുണ്ടക്കയം മണ്ഡലം പ്രസിഡന്റുമാരായ ടി വി ജോസഫ്, നൗഷാദ് ഇല്ലിക്കൽ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആശ ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ്, കെഎസ്‌യു
ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം, അലൻ ജിയോ മൈക്കിൾ, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, മാത്യു ജോസഫ്, സുനിൽ ചെറിയാൻ, ജിജി സജി, ലിസി സജി, മറിയാമ്മ ജോസഫ്, മറിയാമ്മ മാത്തുക്കുട്ടി, അനിതാ സന്തോഷ്, നേതാക്കളായ
ബിനു മറ്റക്കര, റെജി അമ്പാറ, സലീം കണ്ണങ്കര, എൻ എം ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.