നാടിന് അഭിമാനം.. യോഗയിൽ ദേശീയ തല മത്സരത്തിന് എരുമേലിയിൽ നിന്നും നാല് വിദ്യാർത്ഥികൾ.
മുക്കൂട്ടുതറ : സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ മിന്നുന്ന പ്രകടനം കാട്ടി വിജയം നേടിയ നാല് പേർ ഇനി കേരളത്തിന് വേണ്ടി ദേശീയ യോഗ ഒളിമ്പ്യാഡിൽ മത്സരിക്കും.
16 വയസിനു
താഴെയുള്ള കുട്ടികളുടെ ഇനത്തിൽ മുക്കൂട്ടുതറ വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കണ്ടറി സ്കൂളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വിനായക്, മിഥുൻ മധു, പെൺകുട്ടികളുടെ വിഭാഗത്തിൽ ജെലിറ്റ ജെയ്‌സ് , അഞ്ജന വിജി എന്നിവരാണ് ഇക്കഴിഞ്ഞ സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ മികച്ച വിജയം നേടിയത്. ഇവരെ അടുത്ത മാസം 18 മുതൽ 23 വരെ ഭോപ്പാലിൽ നടക്കുന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ മത്സരിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട്.
ഈ മാസം 21,22 തീയതികളിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്കൂളിൽ നടന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ ഇവർ മികച്ച വിജയമാണ് നേടിയത്. ഈ മികവ് പരിഗണിച്ചാണ് ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്. വെൺകുറിഞ്ഞി സ്കൂളിലെ കായിക അദ്ധ്യാപിക റെജി ടീച്ചർ ആണ് ഇവരുടെ പരിശീലക. സ്കൂളിൽ ടീച്ചർ പരിശീലിപ്പിച്ച വിദ്യാർത്ഥിനി രേവതി രാജേഷ് സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ സ്വർണ മെഡൽ നേടുകയും ദേശീയ മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം യോഗ ഒളിമ്പ്യാഡ് മത്സരങ്ങളിൽ വെൺകുറിഞ്ഞി സ്‌കൂളിന് പേരും പെരുമയും പകർന്ന് മികച്ച വിജയങ്ങൾ നേടാനായി.