95 വയസ്സ് പൂർത്തീകരിച്ച തമ്പക മര മുത്തശ്ശിയെ ആദരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത്, ടി.ബി. റോഡിൽ കരിപ്പാപ്പറമ്പിൽ കെ.സി. ഡൊമിനിക്കിന്റെ വീട്ടുമുറ്റത്തെ 95 വർഷം പ്രായമായ രണ്ട് തമ്പക മര മുത്തശ്ശിമാരെ വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തമ്പക മരച്ചുവട്ടിൽ തിരി തെളിയിച്ചു. വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബിനു ചടങ്ങിന് അധ്യക്ഷത വഹിച്ചു.

അഞ്ച് തലമുറകൾക്ക് തണലേകി കരിപ്പാപറമ്പിൽ വീട്ടുമുറ്റത്ത് ആകാശത്തേക്ക് ശിഖരങ്ങളുയർത്തി നിൽക്കുന്ന വൻ മുത്തശ്ശി തമ്പകമരങ്ങളെ ആദരിച്ച ചടങ്ങിൽ, കരിപ്പാപ്പറമ്പിൽ കുടുബാംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, സ്‌കൂൾ വിദ്യാർത്ഥികൾ എന്നിവർ അടക്കം നിരവധിപേരാണ് പങ്കെടുത്തത്. ആദരവ് ചടങ്ങിനോട് അനുബന്ധിച്ച് രണ്ടുവർഷം പ്രായമായ നൂറ് തമ്പക മരതൈകൾ വിതരണം ചെയ്തു.

കൊല്ലവർഷം 1103 പത്താം മാസം ഏഴാം തീയതിയാണ് തറവാട്ടിലെ കാരണവരും, മുൻ എം എൽ സിയുമായ ഡൊമിനിക് തൊമ്മൻ നിലമ്പൂരിൽ നിന്നെത്തിച്ച രണ്ട് തമ്പക മരതൈകൾ വീട്ടുമുറ്റത്ത് നട്ടത്. വൃക്ഷ സ്നേഹിയും, ദീർഘദർശിയുമായ ഇദ്ദേഹം അത് വന്മരങ്ങൾ ആക്കുമെന്നത് മുന്നിൽ കണ്ട് തറകെട്ടി സംരക്ഷിച്ചു.

ഇന്നും ഡൊമിനിക് തൊമ്മന്റെ കൊച്ചുമകൻ കെ സി ഡൊമിനിക് അമൂല്യ നിധിയായായി ഈ മരങ്ങളെ കാത്തുപരിപാലിച്ചു വരുന്നു.
6 വർഷം മുൻപ് ഒരു മരത്തിന് ഇടിമിന്നൽ ഏറ്റുണ്ടായ കേട് വൃക്ഷവൈദ്യൻ കെ ബിനുവിന്റെ സഹായത്തോടെ ചികിൽസിച്ച് മാറ്റിയിരുന്നു.
25 ലക്ഷം രൂപ വില പറഞ്ഞിട്ടും, ആ അമൂല്യ മരങ്ങളെ ഉപേക്ഷിക്കാതെ, അവയെ പൈതൃക സ്വത്തായി കാത്തു സംരക്ഷിക്കുന്ന വൃക്ഷ സ്നേഹിയായ കെ സി ഡൊമിനിക്കിനെ ചടങ്ങിൽ വൃക്ഷ-പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ മെമന്റോ നൽകി ആദരിച്ചു.

വളരെ ബാലമുള്ള കാതലുള്ള തമ്പക മരത്തിന്റെ തടികൾ ഡാമിന്റെ അടിത്തട്ടിൽ ബലപ്പെടുത്തുവാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നു. റയിൽവേ പാളം നിർമ്മിക്കുന്നതിനും, തൂക്കുപാലം നിർമ്മിക്കുന്നതിനും തമ്പക മരത്തിന്റെ തടികൾ ഉപയോഗിക്കുന്നണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തു കേരളത്തിൽ തമ്പക മരങ്ങളെ രാജകീയ മരങ്ങളായി പ്രഖ്യാപിച്ചു കാത്തുസംരക്ഷിച്ചിരുന്നു.

error: Content is protected !!