മയക്കുമരുന്നു ലോബികൾ ഏറെ ശക്തമായി: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: നിങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളില്‍ നിങ്ങളെ നശിപ്പിക്കുവാന്‍ വേണ്ടി കച്ചകെട്ടിയിരിക്കുന്ന മയക്കുമരുന്ന ലോബികളുടെ കറുത്ത കരങ്ങളുണ്ടെന്ന കാര്യം മറക്കരുതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
ചെറുപുഷ്പ മിഷന്‍ ലീഗ് കേരള സംസ്ഥാന സമിതി 2023-24 പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് നിങ്ങളുടെ ജീവിതത്തില്‍ ഒരു തവണയെങ്കിലും ഉപയോഗിച്ചാല്‍ നിങ്ങളുടെ ജീവിതം തകരും. മയക്കുമരുന്നുകളുടെ വ്യാപനം സമകാലിക സാമൂഹ്യ പരിസരങ്ങളില്‍ വര്‍ദ്ധിക്കുന്ന കാര്യം മനസിലാക്കണം. നമ്മുടെ യുവജനനിരയെ ഇല്ലെന്നാക്കുവാന്‍ വേണ്ടി വളരെ ആസുത്രിതമായിട്ട് വര്‍ഗ്ഗീയ ശക്തികള്‍ വിഭാഗിയ ചിന്താഗതിക്കാര്‍ എന്നിവര്‍ ബോധപൂര്‍വ്വം നമ്മുടെ നാട്ടിലേക്ക് ഇറക്കുമതി ചെയ്യുന്ന കടുത്ത തിന്മ ശക്തമായ രീതിയില്‍ തിരിച്ചറിഞ്ഞുകൊണ്ട് പ്രതികരിക്കുവാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയണം. അത്രമാത്രം വലിയൊരു ശൃഖല ഇത്തരത്തില്‍ രൂപീകരിച്ചിട്ടുണ്ട്. അതുകൊണ്ട് വളരെ ശ്രദ്ധയും കരുതലുമുള്ളവരായി നാം മാറണം. ഈ പ്രതിസന്ധികളുടെ ഇടയിലൊക്കെ നമ്മള്‍ നിരാശപ്പെടാന്‍ പാടില്ലയെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
രാവിലെ പൊടിമറ്റത്ത് നിന്ന് ആരംഭിച്ച പ്രേഷിത റാലി സെന്റ് മേരീസ് ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാകുളം ഫ്ളാഗ് ഓഫ് ചെയ്തു. ഫെറോന വികാരി ഫാ. ടോം ജോസ് സന്ദേശം നല്‍കി. പൊതുസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാചരണം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത ചാന്‍സിലര്‍ മോണ്‍. ജോസ് നവസ് പുത്തന്‍പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ ആമുഖപ്രഭാഷണം നടത്തി. സി.എം.എല്‍. വിജയപുരം രൂപത ഡയറക്ടര്‍ ഫാ. മാത്യു ഒഴത്തില്‍, സംസ്ഥാന സെക്രട്ടറി ജിന്റോ തകിടിയേല്‍, അന്തര്‍ദേശിയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, ദേശിയ പ്രസിഡന്റ് സുജിപുല്ലുകാട്ട്, സിന്റ ഡെന്നീസ്, ഫാ. സെബാസ്റ്റ്യന്‍ തെക്കേത്തത്തേരില്‍, ഫാ. സജി പൂവത്തുകാട്, ഫാ. ജിതിന്‍ വേലിക്കകത്ത്, തോമസ് അടുപ്പുകല്ലുങ്കല്‍, സ്‌നേഹ വര്‍ഗ്ഗീസ് മടുക്കക്കുഴി, ജസ്റ്റിന്‍ വയലില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. മുണ്ടക്കയം മേഖല ഡയറക്ടര്‍ ഫാ. ആല്‍ബര്‍ട്ട് കമ്പളോലിയില്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.