പാറമടയിൽ നിന്നും ലോഡുമായി വന്ന ടോറസ് ലോറികൾ ഇടിച്ച് അപകടം..
എരുമേലി : ചരക്ക് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് തുടർച്ചയായി മാറുകയാണ് കരിങ്കല്ലുമുഴിയിൽ. ശനിയാഴ്ച പാറമടയിൽ നിന്നും ലോഡുമായി വന്ന ടോറസ് ലോറി തൊട്ടു മുന്നിൽ ലോഡുമായി പോയ ലോറിയിൽ ഇടിച്ച് അപകടമുണ്ടായി. രാവിലെ ഏഴ് മണിയോടെ ആണ് സംഭവം. ആർക്കും പരിക്കില്ല. ഇരു വാഹനങ്ങളും മാറ്റുന്നത് വരെ സമാന്തര പാതകളിലൂടെ ഗതാഗതം പോലിസ് വഴിതിരിച്ചുവിട്ടു.
ഒരു കിലോമീറ്റർ അകലെ പാറമടകൾ ആയതോടെയാണ് ഭാര വാഹനങ്ങളുടെ സഞ്ചാരം ദിവസവും പതിവായത്. ഇതോടെ ഒട്ടേറെ അപകടങ്ങളാണ് ഇതിനോടകം സംഭവിച്ചിട്ടുള്ളത്. കരിങ്കല്ലുമുഴിയിൽ വളവ് നിറഞ്ഞ ചെങ്കുത്തായ കയറ്റവും തിരികെ ദുർഘടമായ ഇറക്കവുമാണ്. ഉറക്കത്തിലും കയറ്റത്തിലും ഭാര വാഹനങ്ങൾക്ക് നിയന്ത്രണം നഷ്‌ടപ്പെടുന്നതാണ് അപകടമാകുന്നത്. ഇറക്കം അവസാനിക്കുന്നത് എരുമേലി – റാന്നി റോഡിലാണ്. ഇവിടെ ബസ് സ്റ്റോപ്പ് കൂടിയാണ്. നിരവധി പേർ ബസ് കാത്തുനിൽക്കുന്ന തിരക്കേറിയ ജങ്ഷനുമാണ്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിൽ ഇറക്കത്തിൽ നിയന്ത്രണം തെറ്റി വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്. പല തവണ റോഡിന്റെ വശത്തുള്ള കടകളിൽ ഇറക്കത്തിൽ നിയന്ത്രണം തെറ്റി വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്. ശബരിമല സീസണിൽ അപകട സാധ്യത കൂടും.
പമ്പയിലേക്കുള്ള പ്രധാന ശബരിമല പാത ആരംഭിക്കുന്നത് കരിങ്കല്ലുമുഴിയിലാണ്. സമാന്തര പാത നിർമിച്ചാൽ അപകട സാധ്യത ഒഴിയുമെന്ന് കാട്ടി നാട്ടുകാർ നിവേദനങ്ങൾ നൽകിയതാണെങ്കിലും നടപടികളായിട്ടില്ല.