തെരുവുനായശല്യം തടയൽ; 4 എബിസി കേന്ദ്രങ്ങൾ കൂടി

കോട്ടയം ∙ തെരുവുനായശല്യം നേരിടാൻ കോടിമതയിലെ എബിസി സെന്റർ (നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രം) കൂടാതെ ജില്ലയിൽ 4 അത്യാധുനിക എബിസി സെന്റർ കൂടി ആരംഭിക്കും. 2 ബ്ലോക്കുകളുടെ പരിധിയിൽ ഒരു സെന്റർ എന്ന നിലയിലാണ് അനുമതിയുള്ളതെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച കോടിമതയിലെ എബിസി സെന്ററിൽ ഇതുവരെ 567 നായ്ക്കളെ വന്ധ്യംകരിച്ചു.

കോടിമത എബിസി സെന്റർ സ്ഥാപിച്ച ശേഷം ഈ പരിസരങ്ങളിൽനിന്നു നായശല്യം സംബന്ധിച്ച പരാതികൾ ഗണ്യമായി കുറഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഡോ. എൻ.ജയദേവൻ പറഞ്ഞു. നാട്ടുകാർക്കു ശല്യമാകുന്ന തെരുവുനായ്ക്കളെ പിടികൂടി സുരക്ഷിത ഇടങ്ങളിൽ പാർപ്പിക്കുന്നതു തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. നായ്ക്കളുടെ വന്ധ്യംകരണം മാത്രമാണ് എബിസി സെന്ററിന്റെ ചുമതല. ജില്ലയിൽ പുതിയതായി അനുവദിച്ച സെന്ററുകൾക്കു തദ്ദേശസ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തി നൽകിയാൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശല്യത്തിനു കുറവില്ല

അലഞ്ഞു തിരിയുന്ന നായ്ക്കൂട്ടം ജില്ലയിലെ എല്ലാ ഭാഗത്തും പതിവുകാഴ്ചയാണ്. നായ്ക്കളെ പേടിച്ചോടി വീണും മറ്റും പരുക്കേ‍ൽക്കുന്നതും നായ്ക്കൾ കുറുകെച്ചാടി ഇരുചക്രവാഹനങ്ങൾ മറിഞ്ഞുള്ള അപകടങ്ങളും മിക്കദിവസവും റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ തുറന്നതോടെ ഭീഷണി ഇരട്ടിച്ചു.

കുമരകത്തു കഴിഞ്ഞദിവസം തെരുവുനായ ചാടി ബൈക്ക് മറിഞ്ഞു യാത്രക്കാർക്കു പരുക്കേറ്റു. ബൈക്ക് ഓടിച്ച സാബു (40), പിന്നിൽ യാത്ര ചെയ്യുകയായിരുന്ന പ്രിയതമൻ (39) എന്നിവർക്കാണു പരുക്കേറ്റത്. കഴിഞ്ഞദിവസം കുറവിലങ്ങാട് പള്ളിക്കവലയിൽ സ്ത്രീയെ നായ കടിച്ചിരുന്നു. വൈക്കം നഗരസഭ 9–ാം വാർഡിൽ ചുടുകാട് റോഡിൽ 12 തെരുവുനായ്ക്കൾ അലയുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

ഒരു മാസത്തിനിടെ കടിയേറ്റത് 115 പേർക്ക്

ജില്ലയിൽ 6 മാസത്തിനിടെ 2388 പേർക്കു നായ്ക്കളുടെ കടിയേറ്റു. ജനുവരി ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. ഇതിൽ വീട്ടിൽ വളർത്തുന്ന നായ്ക്കൾ കടിച്ചതും ഉൾപ്പെടും. ഈ മാസം ഇതുവരെ 115 പേർക്കു കടിയേറ്റിട്ടുണ്ട്. മരണങ്ങൾ സംഭവിച്ചിട്ടില്ല.

നായ്ക്കളെ പിടിക്കാൻ 31 പേർ

ജില്ലയിൽ നായ്ക്കളെ ശാസ്ത്രീയമായി പിടിക്കാൻ 31 പേർക്കു പരിശീലനം നൽകി. ഇവരുടെ വിവരങ്ങൾ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറി. നായയെ പിടിക്കേണ്ട ആവശ്യം വന്നാൽ അതതു തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ചാൽ സേവനം ലഭ്യമാകും. ചെലവു തദ്ദേശ സ്ഥാപനമോ വ്യക്തിയോ വഹിക്കണം.

∙ഇതുവരെ കുത്തിവയ്പെടുത്ത വളർത്തുനായ്ക്കൾ 28979

∙ഇതുവരെ കുത്തിവയ്പെടുത്ത തെരുവുനായ്ക്കൾ 886

error: Content is protected !!