ശബരിമല വിമാനത്താവളം: നഷ്ടപരിഹാര പാക്കേജ് ഇങ്ങനെ ..
എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള നിർമാണത്തിനായി സ്വകാര്യ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിലെ ആശങ്കകൾ ഹിയറിങ്ങിൽ പങ്കുവച്ചു സ്ഥലം ഉടമകൾ. വിമാനത്താവളം എസ്റ്റേറ്റിനുള്ളിൽ തന്നെ നിർമിക്കണമെന്നും പുറത്തുള്ള സ്വകാര്യ ഭൂമി ഏറ്റെടുക്കരുതെന്നും ഭൂരിഭാഗം വസ്തു ഉടമകളും ആവശ്യപ്പെട്ടു. വിമാനത്താവള നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠന കരട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ ഹിയറിങ് ആണ് എരുമേലിയിൽ നടന്നത്. എസ്റ്റേറ്റിനു പുറത്തു 307 ഏക്കർ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
300 കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്. സാമൂഹികാഘാത പഠനം നടത്തിയ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് സർവേ സംഘം, വിമാനത്താവള നിർമാണത്തിന്റെ കൺസൽറ്റന്റായ ലൂയി ബഗ്ർ സാങ്കേതിക വിഭാഗം പ്രതിനിധി പ്രവീൺ ഗോലിയ, റവന്യുവകുപ്പ് സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ മുഹമ്മദ് ഷാഫി, തഹസിൽദാർ റോസ്ന ഹൈദ്രോസ്, മൂല്യനിർണയ അസിസ്റ്റന്റ് എം. അരുൺ, റവന്യു ഇൻസ്പെക്ടർ ബിറ്റു ജോസഫ്, സാങ്കേതിക വിദഗ്ധൻ അജിത്കുമാർ, സെബാസ്റ്റ്യൻ കുത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി തുടങ്ങിയവർ പങ്കെടുത്തു. രണ്ടാമത്തെ ഹിയറിങ് മുക്കട കമ്യുണിറ്റി ഹാളിൽ നടന്നു.
റൺവേ എസ്റ്റേറ്റിൽ ഒതുങ്ങി നിൽക്കില്ല: കൺസൽറ്റന്റ്
ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽ മാത്രം വിമാനത്താവള റൺവേ ഒതുങ്ങി നിൽക്കില്ല എന്നത് പഠനത്തിൽ കണ്ടെത്തിയതോടെയാണ് സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നതെന്നു വിമാനത്താവള നിർമാണത്തിന്റെ കൺസൽറ്റന്റ് ലൂയി ബഗ്ർ കമ്പനിയുടെ സാങ്കേതിക വിദഗ്ധൻ പ്രവീൺ ഗോലിയ പറഞ്ഞു. ആദ്യ തീരുമാനം ചെറുവള്ളി എസ്റ്റേറ്റ് മാത്രം ഏറ്റെടുത്ത് വടക്ക് – തെക്ക് ഭാഗത്ത് വിമാനത്താവളം നിർമിക്കുക എന്നതായിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്നു കണ്ടതോടെയാണ് സ്വകാര്യ സ്ഥലം ഏറ്റെടുക്കാൻ ആലോചിച്ചത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉള്ളിൽ മാത്രം റൺവേ നിർമിച്ചാൽ റൺവേയുടെ ഒരു ഭാഗം വനപ്രദേശത്തേക്ക് എത്തും. ഇത് വിമാനത്താവള നിർമാണത്തിനും ഭാവി വികസനത്തിനു തടസ്സമാകും. ഒപ്പം പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകും.
പാരിസ്ഥിതിക പഠന പ്രകാരം നിർദിഷ്ട വിമാനത്താവള മേഖലയിൽ പൂജ്യം കാർബൺ ബഹിർ ഗമനം മാത്രമാണ് ഉണ്ടാകുക. വിമാനത്താവളം വരുന്നതോടെ പ്രദേശത്തെ റോഡുകൾ എല്ലാം വികസിക്കും. പദ്ധതി പ്രദേശത്തെ എല്ലാ ജലസ്രോതസ്സുകളും സംരക്ഷിക്കും. പദ്ധതി പ്രദേശത്തെ മഴവെളളം വരെ പുനർ ഉപയോഗം ചെയ്ത് ഉപയോഗിക്കും. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ചെറുവള്ളി എസ്റ്റേറ്റിലും അനുബന്ധ മേഖലകളിലും പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ കുറവ്. പക്ഷി, മൃഗ ജീവജാലങ്ങളെ വളരെ കുറച്ച് മാത്രമാണ് ബാധിക്കുക. പരമാവധി ജനങ്ങളെ ബാധിക്കാത്ത വിധം ആണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ഉയർന്ന നഷ്ടപരിഹാരം ലഭിക്കും: റവന്യു
ഉയർന്ന നഷ്ടപരിഹാര പാക്കേജ് ആണ് സ്ഥലം ഏറ്റെടുക്കുന്നതിനു ലഭ്യമാക്കുക. അദ്യം ആധാരം സംബന്ധിച്ച് പ്രാഥമിക മഹസർ തയാറാക്കും. തുടർന്ന് സ്വത്തിന്റെ പ്രാധാന്യം അനുസരിച്ച് വിവിധ കാറ്റഗറിയായി തിരിക്കും. ഇതിനു ശേഷം ഈ കാറ്റഗറിക്ക് അനുയോജ്യവും സമാനവുമായ ആധാരങ്ങൾ കണ്ടെത്തും. അഞ്ചോ ആറോ ആധാരങ്ങളുടെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് വില നിർണയിക്കുന്നത്. ഈ അടിസ്ഥാന വിലയുടെ കൂട്ടത്തിൽ സ്ഥലത്തിന്റെ നിർമിതി, മരങ്ങൾ, മറ്റ് നിർമാണ പ്രവർത്തനങ്ങൾ എന്നിവയുടെ വില കൂടി നിശ്ചയിക്കും.
എൽഎ ആക്ട് അനുസരിച്ച് ആധാരത്തിന്റെ ഒന്നര ഇരട്ടി വില കണ്ടെത്തും. ഇതാണു കമ്പോള വില. ഇതിനൊപ്പം കമ്പോള വിലയുടെ ഇരട്ടി കണക്കാക്കും. ഇതിനു ശേഷം 11.1 നോട്ടിഫിക്കേഷൻ ശേഷമുള്ള സമയത്തെ 12 ശതമാനം പലിശയും കൂടി ലഭിക്കും. ഇതുകൂടാതെ തൊഴിൽ നഷ്ടം, കൃഷിയിടങ്ങളുടെ നഷ്ടം തുടങ്ങിയ കണക്കാക്കി റിഹാബിലിറ്റേഷൻ പാക്കേജ് ലഭിക്കും. വില നിർണയത്തിൽ തർക്കമുള്ളവർക്കു കോടതിയെ സമീപിച്ച് കൂടുതൽ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാമെന്നു റവന്യു അധികൃതർ വ്യക്തമാക്കി.
സ്ഥലം നഷ്ടപ്പെടുന്നവർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും ആശങ്കകൾ
∙ ജനവികാരം മനസ്സിലാക്കി ഒഴക്കനാട് വാർഡിനെ വിമാനത്താവള പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിൽ നിന്നു പൂർണമായി ഒഴിവാക്കണം.
∙ എരുമേലി ക്ഷേത്രം, പേട്ടതുള്ളൽ തുടങ്ങിയ ആചാര അനുഷ്ഠാനങ്ങളെ വിമാനത്താവള നിർമാണം എങ്ങനെ ബാധിക്കും എന്ന് സാമൂഹികാഘാത പഠന റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
∙ സാമൂഹികാഘാത പഠന നടപടികളും സ്ഥലം ഏറ്റെടുപ്പ് നടപടികളും വിവിധ പഠനങ്ങളും സുതാര്യമല്ല.
∙ പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ എങ്ങനെ സംരക്ഷിക്കുമെന്നും അവരുടെ പുനരധിവാസവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.
∙ പദ്ധതി പ്രഖ്യാപന ശേഷം ബാങ്ക് വായ്പ ഉൾപ്പെടെ ലഭ്യമാകുന്നില്ല.
∙ പദ്ധതി ലാഭകരം ആകുമോ എന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നില്ല.
∙ പ്രസിദ്ധീകരിച്ച സർവേ നമ്പറുകളിലെ തെറ്റുകൾ കടന്നു കൂടി, ചില സർവേ നമ്പറുകൾ വിട്ടുപോയി.
∙ പ്രസിദ്ധീകരിച്ചിട്ടുള്ള സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമി മുഴുവനായി ഏറ്റെടുക്കുമോ, അതോ ആവശ്യമുള്ളവ മാത്രമാണോ ഏറ്റെടുക്കുക
∙ സ്വന്തമായി വീട് ഇല്ലാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്നവരുടെ പുനരധിവാസം എപ്രകാരം.
∙ വിമാനത്താവളത്തിന്റെ ബഫർ സോൺ എവിടെ വരെ എന്ന് വ്യക്തമാക്കിയിട്ടില്ല.
∙ വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ ഏറെ മുന്നോട്ടു പോയപ്പോഴും ഏറ്റെടുക്കുന്ന സ്ഥലത്ത് വീടുകൾ നിർമിക്കാൻ പഞ്ചായത്ത് പെർമിറ്റ് നൽകി. ഇപ്പോഴും പലരും നിർമാണ പ്രവർത്തനങ്ങൾ തുടരുന്നു.
അധികൃതരുടെ മറുപടി
∙ സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട് അതിർത്തി കല്ലുകൾ സ്ഥാപിച്ചിട്ടില്ല. അതിനാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കരട് റിപ്പോർട്ട് തയാറാക്കിയത്. ഇതിൽ ഉൾപ്പെടാതെ പോയ കാര്യങ്ങൾ ഫൈനൽ റിപ്പോർട്ടിൽ കൂട്ടി ചേർക്കും.
∙ പേട്ട തുള്ളൽ, ആചാര അനുഷ്ഠാനങ്ങൾ എന്നിവയുടെ പ്രാധാന്യം റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
∙ സർവേ നമ്പറുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് രേഖപ്പെടുത്തും.
∙ വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് പഠനങ്ങൾ ഏറെ മുന്നോട്ടുപോയി.