ശബരിമല വിമാനത്താവളം: നഷ്ടപരിഹാര പാക്കേജ് മികച്ചതെന്ന് റവന്യൂ വകുപ്പ്.. കമ്പോള വിലയുടെ ഇരട്ടിയിലധികം..
എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള നിർമാണത്തിനായി ചെറുവള്ളി എസ്റ്റേറ്റിനു പുറത്തു 307 ഏക്കർ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 300 കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽ മാത്രം വിമാനത്താവള റൺവേ ഒതുങ്ങി നിൽക്കില്ല എന്നത് പഠനത്തിൽ കണ്ടെത്തിയതോടെയാണ് സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നതെന്നു വിമാനത്താവള നിർമാണത്തിന്റെ കൺസൽറ്റന്റ് ലൂയി ബഗ്ർ കമ്പനിയുടെ സാങ്കേതിക വിദഗ്ധൻ പ്രവീൺ ഗോലിയ പറഞ്ഞു. ആദ്യ തീരുമാനം ചെറുവള്ളി എസ്റ്റേറ്റ് മാത്രം ഏറ്റെടുത്ത് വടക്ക് – തെക്ക് ഭാഗത്ത് വിമാനത്താവളം നിർമിക്കുക എന്നതായിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്നു കണ്ടതോടെയാണ് സ്വകാര്യ സ്ഥലം ഏറ്റെടുക്കാൻ ആലോചിച്ചത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉള്ളിൽ മാത്രം റൺവേ നിർമിച്ചാൽ റൺവേയുടെ ഒരു ഭാഗം വനപ്രദേശത്തേക്ക് എത്തും. ഇത് വിമാനത്താവള നിർമാണത്തിനും ഭാവി വികസനത്തിനു തടസ്സമാകും. ഒപ്പം പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകും.
ഉയർന്ന നഷ്ടപരിഹാര പാക്കേജ് ആണ് സ്ഥലം ഏറ്റെടുക്കുന്നതിനു ലഭ്യമാക്കുക. അദ്യം ആധാരം സംബന്ധിച്ച് പ്രാഥമിക മഹസർ തയാറാക്കും. തുടർന്ന് സ്വത്തിന്റെ പ്രാധാന്യം അനുസരിച്ച് വിവിധ കാറ്റഗറിയായി തിരിക്കും. ഇതിനു ശേഷം ഈ കാറ്റഗറിക്ക് അനുയോജ്യവും സമാനവുമായ ആധാരങ്ങൾ കണ്ടെത്തും. അഞ്ചോ ആറോ ആധാരങ്ങളുടെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് വില നിർണയിക്കുന്നത്. ഈ അടിസ്ഥാന വിലയുടെ കൂട്ടത്തിൽ സ്ഥലത്തിന്റെ നിർമിതി, മരങ്ങൾ, മറ്റ് നിർമാണ പ്രവർത്തനങ്ങൾ എന്നിവയുടെ വില കൂടി നിശ്ചയിക്കും.
എൽഎ ആക്ട് അനുസരിച്ച് ആധാരത്തിന്റെ ഒന്നര ഇരട്ടി വില കണ്ടെത്തും. ഇതാണു കമ്പോള വില. ഇതിനൊപ്പം കമ്പോള വിലയുടെ ഇരട്ടി കണക്കാക്കും. ഇതിനു ശേഷം 11.1 നോട്ടിഫിക്കേഷൻ ശേഷമുള്ള സമയത്തെ 12 ശതമാനം പലിശയും കൂടി ലഭിക്കും. ഇതുകൂടാതെ തൊഴിൽ നഷ്ടം, കൃഷിയിടങ്ങളുടെ നഷ്ടം തുടങ്ങിയ കണക്കാക്കി റിഹാബിലിറ്റേഷൻ പാക്കേജ് ലഭിക്കും. വില നിർണയത്തിൽ തർക്കമുള്ളവർക്കു കോടതിയെ സമീപിച്ച് കൂടുതൽ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാമെന്നു റവന്യു അധികൃതർ വ്യക്തമാക്കി.