മലയോര മേഖലയിൽ തുള്ളി തോരാതെ കാലവർഷം; ആശ്വാസം, ഒപ്പം ആശങ്കയും
മുണ്ടക്കയം ∙ തുള്ളി തോരാതെ കാലവർഷം മലയോര മേഖലയിൽ പെയ്യുമ്പോൾ ആശ്വാസത്തിലും ഒപ്പം ആശങ്കയിലുമാണു നാട്. കനത്ത വേനൽ ചൂടിൽ നിന്നും ജലക്ഷാമത്തിൽ നിന്നും മോചനം നേടിയ മലയോര ഗ്രാമങ്ങൾ മഴ അധികം ശക്തമായി പെയ്യാതെ കാലവർഷം തീരണം എന്ന പ്രാർഥനയിലാണ്. അതോടൊപ്പം വൈറൽപനി ഉൾപ്പെടെ മേഖലയിൽ വ്യാപകമാകുന്നു. കാലവർഷത്തെ വളരെ കരുതലോടെ തന്നെ സ്വീകരിച്ചിരുന്ന കിഴക്കൻ പ്രദേശങ്ങളിൽ പക്ഷേ, 2018 മുതലാണു മഴ ഭീതിയുടെ അന്തരീക്ഷം തീർത്തത്.
2018 ലെ വെള്ളപ്പൊക്കവും 2021 ലെ ഉരുൾപൊട്ടൽ പ്രളയവും കണ്ട നാടിന് ഇപ്പോൾ വാനിൽ മഴക്കാർ കാണുമ്പോഴേ ഉള്ളിൽ ഭീതിയുടെ വെള്ളിടി മുഴങ്ങും. ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച മഴ രാത്രിയിലും തുടരുകയാണ്. ശക്തി ഇല്ലാതെ ചെറിയ ചാറ്റൽമഴ മാത്രമാണ് ഉണ്ടായത്. മണിമലയാറിന്റെ തുടക്കമായ കൂട്ടിക്കൽ പഞ്ചായത്തിന്റെ മല നിരകളിൽ നീർച്ചാലുകൾ നിന്നും വെള്ളം ഒഴുകി തുടങ്ങി.
കനത്ത മൂടൽ മഞ്ഞും ഇൗ പ്രദേശത്തു വ്യാപകമാണ്. മഴയ്ക്കു ശക്തി കുറവായതിനാൽ മണിമലയാറ്റിൽ ജലനിരപ്പിന് കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. ദിവസങ്ങളോളം നീണ്ട് നിൽക്കുന്ന ശക്തി കുറഞ്ഞ മഴയാണു മലയോര മേഖലയിൽ ഭീതി വിതയ്ക്കുന്നത്. ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്ന അത്തരം മഴകൾ പക്ഷേ, കാലവർഷത്തിൽ ഉണ്ടാകാറില്ല.
മഴക്കാലം ആയതോടെ വൈറൽപനിയുടെ വ്യാപനവും വർധിക്കുന്നു. മുണ്ടക്കയം, കൂട്ടിക്കൽ സർക്കാർ ആശുപത്രികളിൽ ദിനംപ്രതി ചികിത്സ തേടി എത്തുന്ന പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. മഴക്കാലത്തിന് മുൻപേ നടപ്പാക്കേണ്ടിയിരുന്ന മുൻകരുതലുകൾ പഞ്ചായത്തുകൾ ഇപ്പോൾ സ്വീകരിച്ചു വരികയാണ്. എല്ലാ വാർഡുകളിലും കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താൻ ആളുകളെ നിയോഗിച്ചു നടപടികൾ ആരംഭിച്ചു.
ജലജന്യ രോഗങ്ങൾ തടയുന്നതിനു പുറമേ, കൊതുക് വ്യാപനം തടയാനും പഞ്ചായത്ത് പദ്ധതി നടപ്പാക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. റബർ എസ്റ്റേറ്റുകൾ ഏറെയുള്ള മലയോര മേഖലയിൽ റബർ ചിരട്ടകളാണു കൊതുകുകൾ വളരാൻ ഏറ്റവും സാധ്യമായ സ്ഥലം. അതിനാൽ ഇത്തരം പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തണം എന്നും ആവശ്യമുണ്ട്.