ഇടക്കുന്നത്ത് വീട്ടുമുറ്റത്തു കിടന്ന കാറിനു തിരുവനന്തപുരത്ത് നിയമം തെറ്റിച്ചതിന് പിഴ..ആരുടെ പിഴ ?

കാഞ്ഞിരപ്പള്ളി∙ ഇടക്കുന്നം മുക്കാലിയിൽ വീട്ടുമുറ്റത്തു കിടന്ന കാറിനു തിരുവനന്തപുരത്ത് നിയമം തെറ്റിച്ചതിന് പിഴ. മുക്കാലി തൈപ്പറമ്പിൽ ടി.എം സഹീലിന്റെ കാറാണ് തിരുവനന്തപുരം സ്നേഹപുരിയിൽ നിയമം ലംഘിച്ചതായി ആരോപിച്ചു നോട്ടിസ് ലഭിച്ചിരിക്കുന്നത്. ഈ സമയം താനും കാറും വീട്ടിലായിരുന്നുവെന്നു സഹീൽ പറയുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മോട്ടർവാഹന നിയമം ലംഘിച്ചതായും പിഴ അടയ്ക്കണമെന്നും കാണിച്ചു മൊബൈൽ ഫോണിൽ മെസേജ് വന്നത്. ഇതനുസരിച്ച് പരിവാഹൻ സൈറ്റിൽ നിന്ന് ഇ–ചെല്ലാൻ ഡൗൺലോഡ് ചെയ്തു.

കാറിന്റെ ഗ്ലാസിൽ സൺ ഫിലിം ഒട്ടിച്ചതിന് 500 രൂപ പിഴ ചുമത്തിയതായാണു ഇ–ചെല്ലാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സഹീലിന്റേത് കെഎൽ34എഫ് 2454 റജിസ്ട്രേഷൻ നമ്പർ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോൺ കാറാണ്. എന്നാൽ ഇ–ചെല്ലാനിൽ കാണിച്ചിരിക്കുന്ന ചിത്രത്തിൽ ചുവന്ന നിറമുള്ള ഹോണ്ട ജാസ് കാറും. മോട്ടർ വാഹനവകുപ്പിന്റെ പട്രോളിങ് വാഹനത്തിലിരുന്നു അധികൃതർ നേരിട്ടെടുത്ത ഫോട്ടോയിലെ കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമല്ല.

ഇ– ചെല്ലാനിൽ കാണിച്ചിരിക്കുന്നതു പ്രകാരം തിരുവനന്തപുരം കൃഷ്ണ നഗർ സ്നേഹപുരിയിൽ വ്യാഴാഴ്ച വൈകിട്ട് 5.08ന് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.എസ്.അരുൺ മുഹമ്മദ് ഷാ ആണ് പിഴ അടയ്ക്കാനുള്ള നടപടി സ്വീകരിച്ചതെന്നാണു നോട്ടിസിൽ കാണിച്ചിരിക്കുന്നത്. മോട്ടർ വാഹനവകുപ്പിന്റെ പരാതി പരിഹാര സെല്ലിൽ വിളിച്ചറിയിച്ചപ്പോൾ പരിശോധിക്കാം എന്നാണു മറുപടി ലഭിച്ചതെന്നും സഹീൽ പറയുന്നു.

error: Content is protected !!