പൊൻകുന്നം– മണിമല റോഡിലെ ടാറിങ് മഴയിൽ തകർന്നു

പൊൻകുന്നം ∙ പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഭാഗമായ പൊൻകുന്നം– മണിമല റോഡിലെ ടാറിങ് മഴയിൽ തകർന്നു. ദേശീയ നിലവാരത്തിൽ ഒരു വർഷം മുൻപു ചെയ്ത ടാറിങ്ങാണു കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ തകർന്നു കുഴികൾ രൂപപ്പെട്ടത്. പൊൻകുന്നം മുതൽ എസ്ആർവി ജംക്‌ഷൻ വരെ 4 കിലോമീറ്ററിനുള്ളിൽ 7 സ്ഥലങ്ങളിലാണു ടാറിങ് തകർന്നു കുഴികൾ രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ചെറിയ വാഹനങ്ങൾക്കും വലിയ അപകട ഭീഷണിയായിരിക്കുകയാണു കുഴികൾ. പൊൻകുന്നം മുതൽ പാറക്കടവ് വരെയുള്ള ഭാഗത്ത് വെള്ളം റോഡിൽ കൂടിയാണ് ഒഴുകുന്നത്. റോഡിന്റെ വശങ്ങളിൽ ഓടയുണ്ടെങ്കിലും അശാസ്ത്രീയമായി നിർമിച്ചതിനാൽ വെള്ളം റോഡിലൂടെ ഒഴുകി വഴിയിരികിലെ വീട്ടുമുറ്റങ്ങളിലേക്കും എത്തുന്നതായി നാട്ടുകാർ പറയുന്നു.

റോഡിനടിയിലൂടെ വാട്ടർ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള പൈപ്പ് കഴിഞ്ഞയിടെ ആനകുത്തി വളവിൽ പൊട്ടി ടാറിങ് ഉയർന്നു പോയി. ഹൈവേയുടെ ഭാഗമായ പാലാ– പൊൻകുന്നം റോഡ് വർഷങ്ങളായിട്ടും കേടുപാടുകളുണ്ടായിട്ടില്ലെന്നും പിന്നീടു നിർമിച്ച പൊൻകുന്നം –മണിമല റോഡ് ഒരു വർഷത്തിനുള്ളിൽ പൊളിഞ്ഞു തുടങ്ങിയെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇവിടെ വഴിവിളക്കുകളും തകരാറിലാണെന്നു നാട്ടുകാർ ആരോപിച്ചു. റോഡിന്റെ ഭാഗമായി പൊൻകുന്നം, എസ്ആർവി ജംക്‌ഷൻ, പടനിലം എന്നിവിടങ്ങളിൽ സ്ഥാപിച്ച വഴിവിളക്കുകൾ ഇടയ്ക്ക് മാത്രമാണു തെളിയുന്നത്. പൊൻകുന്നം, തെക്കേത്തുകവല എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളും തകരാർ മൂലം ഇടയ്ക്ക് മിഴിയടയ്ക്കുമെന്നും നാട്ടുകാർ ആരോപിക്കുന്നു.

error: Content is protected !!