പുതുക്കിപ്പണിത ഈരാറ്റുപേട്ട– വാഗമൺ റോഡിൽ ആദ്യ മഴയിൽത്തന്നെ കുഴിയും വിള്ളലും

തീക്കോയി ∙ ആഘോഷമായ ഉദ്ഘാടനം നടത്തി വാർത്തകളിൽ സ്ഥാനം പിടിച്ച കഴിഞ്ഞ വാഗമൺ റോഡിൽ ആദ്യ മഴയിൽത്തന്നെ കുഴിയും ടാറിങ്ങിനു വിള്ളലും. റോഡിന്റെ വേലത്തുശ്ശേരി ഭാഗത്താണ് ഇപ്പോൾ കുഴി രൂപപ്പെട്ടിരിക്കുന്നത്. സമീപത്തു തന്നെ ടാറിങ്ങിനു വിള്ളലുമുണ്ടാകുന്നുണ്ട്. തുടർച്ചയായി വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ബാക്കി ഭാഗം കൂടി തകരുവാൻ സാധ്യതയുണ്ട്. പുതിയ ടാറിങ് റോഡിലെ ഉറവ കാരണം ഇളകിമാറി. സംഭവം ശ്രദ്ധയിൽപെട്ടതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.

ശാസ്ത്രീയമായ പഠനം ഇല്ലാതെ ടാറിങ് നടത്തിയതാണു റോഡ് തകരാൻ കാരണമായതെന്നാണു നാട്ടുകാർ പറയുന്നത്. ഈ ഭാഗത്തെ ടാറിങ് മാറ്റി ടൈൽ പാകണമെന്നും ആവശ്യമുണ്ട്. പലയിടങ്ങളിലും കലുങ്ക് നിർമാണം പൂർണമല്ലെന്നും ആരോപണമുണ്ട്. അതേസമയം, നിലവിലെ തകരാർ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഈരാറ്റുപേട്ട അസിസ്റ്റന്റ് അറിയിച്ചു.

വേലത്തുശ്ശേരിയിലെ തകരാർ പരിഹരിച്ചില്ലെങ്കിൽ ബാക്കിഭാഗം കൂടി തകരും. ശക്തമായ ഉറവയുള്ള ഭാഗങ്ങൾ കണ്ടെത്തി ടൈൽ പാകിയില്ലെങ്കിൽ വേലത്തുശ്ശേരിയിലേതിനു സമാനമായ സംഭവങ്ങൾ ഈരാറ്റുപേട്ട– വാഗമൺ റൂട്ടിൽ പലയിടത്തും ആവർത്തിക്കും. വാഗമണ്ണിലേക്കുള്ള റോഡ് നിർമാണം ഹൈക്കോടതിയിൽ വരെ എത്തിയതാണ്. ആദ്യ കരാറുകാരനെ ഒഴിവാക്കി ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയാണു നിർമാണം പൂർത്തിയാക്കിയത്.

error: Content is protected !!