പട്ടയം ഉറപ്പായി..  പുതിയതായി പട്ടയം ലഭിച്ച എയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിൽ ആദ്യ ഓൺലൈൻ കരമടച്ചു എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ്

കണമല : എയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിൽ കഴിഞ്ഞയിടെ സർക്കാർ പട്ടയ മേള നടത്തി പുതിയ പട്ടയങ്ങൾ അനുവദിച്ച ശേഷം സ്ഥലം പോക്കുവരവ് ചെയ്ത് ആദ്യ കരം അടച്ചയാളായി പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി. തിങ്കളാഴ്ച  വൈകുന്നേരം എരുമേലി തെക്ക് വില്ലേജ് ഓഫീസിൽ എത്തിയാണ് പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ  സണ്ണി തന്റെ ഭൂനികുതിയായി 255 രൂപ ഓൺലൈനിലൂടെ അടച്ച് വില്ലേജ് ഓഫിസറിൽ നിന്ന് രസീത് കൈപറ്റിയത്. അടുത്ത ദിവസം മുതൽ മറ്റുള്ളവരിൽ നിന്നും കരം സ്വീകരിച്ചു തുടങ്ങുമെന്ന് വില്ലേജ് ഓഫിസർ ജെസി ചാണ്ടി അറിയിച്ചു.

കഴിഞ്ഞ യുഡിഎഫ്  സർക്കാരിന്റെ കാലത്ത് 2016 ൽ ആണ് മേഖലയിൽ ആദ്യമായി പട്ടയം അനുവദിച്ചത്. എന്നാൽ പിന്നീട് കരം സ്വീകരിക്കുന്നത് നിർത്തി. റവന്യു വകുപ്പിന്റെ റിലീസ് സോഫ്റ്റ്‌വെയറിൽ മേഖലയിലെ ഭൂമികളുടെ വിവരങ്ങൾ തെറ്റാണെന്നും അപൂർണമാണെന്നും പറഞ്ഞാണ് അധികൃതർ കരം സ്വീകരിക്കൽ തടഞ്ഞത്. 2018 മുതൽ ആർക്കും കരം അടയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് പൊതു പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ പഴയ പട്ടയം റദ്ദാക്കി പുതിയ പട്ടയം നൽകാനും ഭൂമി വിവരങ്ങൾ ക്രമപ്പെടുത്താനും റവന്യു വകുപ്പ് നടപടികൾ ആരംഭിച്ചു. ഒടുവിൽ ഹൈക്കോടതി നിർദേശത്തെ തുടർന്ന് നടപടികൾ വേഗത്തിലാവുകയും കഴിഞ്ഞയിടെ പുതിയ പട്ടയങ്ങൾ നൽകുകയുണ്ടായിരുന്നു.

ഇതേ തുടർന്ന് പഴയ കരം കുടിശിക സ്വീകരിച്ചിരുന്നെങ്കിലും പോക്കുവരവ് രേഖകൾ നടത്തി പുതിയ ഭൂനികുതി സ്വീകരിക്കുന്നത് ആരംഭിച്ചിരുന്നില്ലെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു. ഇന്നലെ പഞ്ചായത്ത്‌ പ്രസിഡന്റിന് ആദ്യ കരം രസീത് നൽകിയതോടെ ഇനി പുതിയ കരം അടയ്ക്കൽ ആരംഭിക്കുകയാണ്. പ്രസിഡന്റ് സുബി സണ്ണി പമ്പാവാലി വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തനിക്ക്  ലഭിച്ച പട്ടയത്തിലും പുതിയതായി അനുവദിച്ച ഇപ്പോഴത്തെ പട്ടയത്തിലും ബ്ലോക്ക്‌ നമ്പർ ഉൾപ്പടെ കാര്യമായ മാറ്റങ്ങളില്ലെന്ന് പ്രസിഡന്റ് സുബി പറഞ്ഞു. 2016ൽ പട്ടയം ലഭിച്ച  855 പേരിൽ നിന്നു പട്ടയം തിരികെ വാങ്ങി റദ്ദ് ചെയ്ത് പുതിയ പട്ടയം നൽകുക എന്ന ലക്ഷ്യത്തിലാണ് കഴിഞ്ഞയിടെ പട്ടയ മേള നടന്നത്. ഇവരിൽ ഇനിയും കുറച്ച് പേർ കൂടി പഴയ പട്ടയം തിരികെ നൽകാനുണ്ടെന്ന് റവന്യു ഉദ്യോഗസ്ഥർ പറയുന്നു. ബാങ്കിൽ വസ്തു പണയം വച്ച് വായ്പ എടുത്തവർ, വിദേശത്തുള്ളവർ, പട്ടയ നടപടികളുമായി സഹകരിക്കാത്തവർ തുടങ്ങിയവരിൽ ചിലരുടെ  പട്ടയങ്ങളാണ് ഇനിയും റദ്ദാക്കാൻ വേണ്ടി കൈമാറാനാനുള്ളത്.  2016 മുതലുള്ള കരം കുടിശിക അടയ്ക്കാനുള്ള മുന്നൂറിലേറെ പേരുടെ കരം കുടിശിക സ്വീകരിച്ചു വരികയാണ്.

error: Content is protected !!