കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും പരി. മാതാവിന്റെ പിറവിത്തിരുനാളും 31 മുതൽ സെപ്തംബർ എട്ട് വരെ..
കാഞ്ഞിരപ്പള്ളി : സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8-ാം തീയതി വരെ ആഘോഷിക്കുകയാണ്. കിഴക്കൻ പ്രദേശത്തെ പുരാതന മരിയൻ തീർത്ഥാടന കേന്ദ്രമാണ് പഴയപള്ളി. നാനാ ജാതി മതസ്ഥർ ഈ ദേവാലയത്തിൽ എത്തി പ്രാർത്ഥിച്ച് കാര്യങ്ങൾ സാധിച്ച് പോകുന്നത് നിത്യകാഴ്ചയാണ്.
തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് 31 ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ. തുടർന്ന് ആഘോഷമായ പരി. കുർബ്ബാന, ലദീഞ്ഞ്, സെപ്തംബർ ഒന്ന് മുതൽ എട്ട് വരെ തീയതികളിൽ രാവിലെ അഞ്ചിന്, 6.30 ന്, എട്ടിന്, 10 ന്, ഉച്ചയ്ക്ക് 12 ന്, ഉച്ചകഴിഞ്ഞ് രണ്ടിന്ന്, 4.30 ന്, ഏഴിന് എന്നീ സമയങ്ങളിൽ പരി കുർബ്ബാന ഉണ്ടായിരിക്കുo. നാളെ 4.30 ന് സീറോ മലബാർ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലുo, മൂന്നാം തീയതി 4.30 ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും, ഏഴാം തീയതി 4.30 ന് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലും, എട്ടാം തീയതി 4.30 ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവർ പരി. കുർബ്ബാന അർപ്പിച്ച് സന്ദേശം നൽകുന്നതാണ്. തിരുനാൾ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളന്മാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. കുര്യൻ താമരശ്ശേരി, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ വിവധ ദിവസങ്ങളിൽ പരി. കുർബ്ബാന അർപ്പിക്കുന്നതാണ്.
സെപ്തംബർ മൂന്നാം തീയതി രാവിലെ 11.30 ന് കത്തീഡ്രൽ പള്ളിയിൽ നിന്നും പഴയപള്ളിയിലേക്ക് മരിയൻ തീർത്ഥാടനവും തുടർന്ന് മാർ ജോസ് പുളിക്കൽ സന്ദേശവും നൽകുo. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 6.15 ന് ജപമാല പ്രദക്ഷിണവും ഏഴാം തീയതി വൈകുന്നേരം ആറ് മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണവും ഒട്ടും തീയതി വൈകുന്നേരം ആറ് മണിക്ക് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. സെപ്തംബർ ഒന്നാം തീയതി മുതൽ എട്ടാം തീയതി വരെ തിരുനാളിനോട് അനുബന്ധിച്ച് മരിയൻ ഇന്റർ നാഷണൽ എക്സിബിഷനും ക്രമീകരിച്ചിട്ടുണ്ട്.
തിരുനാളിൽ സംബന്ധിക്കാൻ എത്തുന്ന ഭക്തജനങ്ങൾക്ക് 50,000 പേർക്ക് ഇരിക്കാവുന്ന പന്തൽ, ഭക്തജനങ്ങൾക്ക് ആവശ്യമായ അടിമ, കുമ്പസാരം, നേർച്ച കഞ്ഞി, നേർച്ചകാഴ്ചകൾ എന്നിവ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ തിരുനാൾ മാതാക്കളാണ് ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിന് പ്രസുദേന്തി ആകാൻ ആഗ്രഹിക്കുന്ന മാതാക്കൾക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. തിരുനാളിന്റെ വിജയത്തിന് കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ, ഫാ. ഇമ്മാനുവേൽ മങ്കന്താനം, ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. ജെയിംസ് മുളഞ്ഞനാനിക്കൽ, കൈക്കാരന്മാരായ കെ.സി. ഡോമിനിക് കരിപ്പാപ്പറമ്പിൽ, അബ്രാഹം കെ. അലക്സ് കൊല്ലംകുളം, പി.കെ. കുരുവിള പിണമറുകിൽ, റ്റി.സി. ചാക്കോ വാവലുമാക്കൽ, തിരുനാൾ കൺവീനർ മാത്തച്ചൻ മാളിയേക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.