കുട്ടികളെ ശാസ്ത്രഗവേഷകരാക്കുന്ന സ്പാര്‍ക്ക് – സി പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു
കാഞ്ഞിരപ്പള്ളി : നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികളെ ശാസ്ത്രഗവേഷകരാക്കുന്ന സ്പാര്‍ക്ക് – സി പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു..
നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് പുറപ്പാട്. പഠനത്തോടൊപ്പം കലാ-കായിക – സാംസ്‌കാരിക വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഈ പദ്ധതിയുടെ ഒരു ഭാഗമായിട്ടാണ് സ്പാര്‍ക്ക് – സി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 5 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ ശാസ്ത്രാഭിരുചിയുള്ളവരോ എന്തെങ്കിലും പ്രത്യേക കണ്ടുപിടുത്തങ്ങള്‍ നടത്തിയവരോ ആയിട്ടുള്ളവരുടെ പട്ടിക പ്രാഥമിക തയാറാക്കിയിട്ടുണ്ട്. ഇവരെ ശാസ്ത്രലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിനും ആവശ്യമായ എല്ലാ പരിശീലനങ്ങളും അതത് മേഖലകളിലെയും ശാസ്ത്രശാഖകളിലെയും വിദഗ്ദ്ധരുടെ സഹായത്തോടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്.
അമേരിക്ക ആസ്ഥാനമായുള്ള റോയല്‍ യംഗ് റിസര്‍ച്ചേഴ്‌സ് അസോസിയേഷനാണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്.
വാഴൂര്‍ ഏഞ്ചല്‍സ് വില്ലേജില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്,
ജില്ലാ പഞ്ചായത്തംഗം ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, കാഞ്ഞിരപ്പള്ളി ബിഷപ്പ് റവ.ഫാദര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു. ഈ പദ്ധതിയിലേക്കുള്ള പേര് നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ 9747063059, 9495705414 നമ്പറുകളില്‍ ബന്ധപ്പെടുക.