കേന്ദ്രത്തെ വിമർശിച്ചാൽ വീട്ടിൽ ഇ ഡി വരും : ബിജിമോൾ.
എരുമേലി : കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ചോദ്യം ചെയ്‌താൽ വീട്ടിൽ ഇ ഡി റെയ്ഡ് നടക്കുന്ന അവസ്ഥയാണെന്ന് കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎ യുമായ ഇ എസ് ബിജിമോൾ. എരുമേലിയിൽ സിപിഐ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട കാൽനട പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിജിമോൾ.
വിമർശിക്കുന്നവരെ കേസിൽ കുടുക്കുക, തീവ്രവാദിയും രാജ്യദ്രോഹിയുമായി ചിത്രീകരിക്കുക എന്നിവയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് ബിജെപി സർക്കാരിനെ പുറത്താക്കണം എന്നതാണ് സിപിഐ പ്രചരണ ജാഥയുടെ മുദ്രാവാക്യം എന്ന് ബിജിമോൾ പറഞ്ഞു.
പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും പ്ലാന്റേഷൻ കോർപറേഷൻ ചെയർമാനുമായ ഒപിഎ സലാം, പാർട്ടി മണ്ഡലം അസി. സെക്രട്ടറി വി ജെ കുര്യാക്കോസ്, ജാഥ ക്യാപ്റ്റനും ലോക്കൽ സെക്രട്ടറിയുമായ അനുശ്രീ സാബു, വി പി സുഗതൻ, എസ് സാബു, സതീഷ് കുമാർ ശ്യാമള സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ആരംഭിച്ച ജാഥയോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ തെരുവ് നാടകവും സംഘടിപ്പിച്ചിരുന്നു