സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിന്
സഭ മുന്നിട്ടിറങ്ങണം: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് സഭാമക്കള്‍ മുന്നിട്ടിറങ്ങണമെന്നു കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
പട്ടയ ഭൂമിയില്‍ ചട്ടം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടരൂപീകരണം ശ്രദ്ധയോടെ വേണം. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് നവീന സംരംഭങ്ങളിലേക്കു യുവതലമുറയെ ആകര്‍ഷിക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്യണം. മദ്യം, മയക്കു മരുന്ന് പോലുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെ ജാഗ്രത ആവശ്യമാണ്. വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ശരിയായ അവബോധം നല്‍കേണ്ടതുണ്ട്. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിന് പാസ്റ്ററല്‍ കൗണ്‍സില്‍ നേതൃത്വം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുവാന്‍ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ ശുപാര്‍ശകള്‍ ഇതുവരെ നടപ്പാക്കാത്തതില്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ജോസ് ആന്റണി അവതരിപ്പിച്ച പ്രമേയത്തിലൂടെ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. –
വിദേശ പഠനവും യാഥാര്‍ത്ഥ്യവും, മയക്കുമരുന്നിന്റെ മാരക ഭീഷണി, ബിസിനസ് സംരംഭകത്വത്തിന്റെ ആവശ്യകത എന്നി വിഷയങ്ങളെ ആസ്പദമാക്കി . : വികാരി ജനറൽ ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ, ബിജി ജോര്‍ജ് കനകമംഗലം, എബിന്‍ ജോണ്‍ വര്‍ഗിസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ച സിസ്റ്റര്‍ ജിജി പുല്ലത്തിലിനെ സമ്മേളനത്തില്‍ ആദരിച്ചു. വികാരി ജനറാളും ചാന്‍സിലറുമായ ഡോ. കുര്യന്‍ താമരശ്ശേരി , മെര്‍ലിന്‍ സാജന്‍, പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, അഡ്വ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ. തുടങ്ങിയവര്‍ പ്രസംഗിച്ചു.