കാഞ്ഞിരപ്പള്ളി സ്പോർട്സ് സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മികച്ച കായിക  താരങ്ങളെ വാർത്തെടുക്കാൻ സഹായകരമാകുന്ന കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോർട്സ് സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി മരങ്ങള്‍ മുറിച്ച്മാറ്റുന്നതും പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കുന്നതുമായ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലെത്തി.

സ്പോര്‍ട്സ് സ്‌കൂളിന്‍റെ 36 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പദ്ധതി രൂപരേഖ കിഫ്ബിക്ക് സമര്‍പ്പിച്ചിരുന്നു. കിഫ്ബിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാകും.  നിലവില്‍ ഇരുനിലകളിലായി നിര്‍മിച്ച പുതിയ സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഹൈസ്‌കൂളിന്‍റെ പ്രവര്‍ത്തനം മാറ്റിയിരുന്നു. മൂന്നാം നിലയുടെ നിർമ്മാണത്തിന്
എം.എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിരുന്നു. ഈ കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ പൂര്‍ണമായും സ്‌കൂളിന്‍റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്കാകും.
              കുന്നുംഭാഗം സ്‌കൂളിന്‍റെ ഏഴ് ഏക്കറോളം സ്ഥലത്താണ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ നിര്‍മിക്കുന്നത്. അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി 14 ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് മുറികള്‍,  ലാബുകള്‍, മള്‍ട്ടിമീഡിയ റൂം, ലൈബ്രറി, സ്വിമ്മിംഗ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സിന്തറ്റിക് ടര്‍ഫ്, സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും പരിശീലകര്‍ക്കും ഹോസ്റ്റലുകള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്‌പോര്‍ട്‌സ് ബില്‍ഡിംഗ്, ഭിന്നശേഷി സൗഹൃദ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് സ്‌പോര്‍ട്‌സ് സ്‌കൂള്‍.

error: Content is protected !!