സുന്ദരകാണ്ഡം: ജീവിത സൗന്ദര്യം ക്യാമറയിലാക്കി സെന്റ് ഡൊമിനിക്സ്
കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്സ് കോളേജിലെ സുന്ദരകാണ്ഡം ലഘു ചലച്ചിത്ര നിർമ്മാണോത്സവം ചരിത്രമായി.ബുധനാഴ്ച രാവിലെ കോളേജ് അങ്കണത്തിൽ, കോളേജിലെ മുഴുവൻ അദ്ധ്യാപകരും അനധ്യാപക അംഗങ്ങളും, 1500-ഓളം വിദ്യാർത്ഥികളും ഒത്തുചേർന്ന് നടത്തിയ ഈ ഹ്രസ്വ ചലച്ചിത്രചിത്രീകരണ പരിപാടി ഇന്ത്യൻ കലാലയചരിത്രത്തിൽ തന്നെ ഒരു അപൂർവ്വ സംഭവമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത, തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകനുമായ ബിപിൻ ചന്ദ്രൻ അഭിപ്രായപ്പെട്ടു.
സെൻറ് ഡൊമിനിക്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും, പരേതനായ പ്രമുഖ സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്റെ പേരിലുള്ള ചലച്ചിത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കോളേജിന്റെ സമ്പന്നമായ ചലച്ചിത്ര പാരമ്പര്യത്തെക്കുറിച്ചും ബിപിൻ ചന്ദ്രൻ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു.
ജീവിതത്തിൻറെ സൗന്ദര്യവും യൗവനത്തിന്റെ സാധ്യതകളുമാണ് ചലച്ചിത്രങ്ങൾക്ക് വിഷയമായത്. ക്യാംപസിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനങ്ങളിൽ നടന്ന ചിത്രീകരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും അനധ്യാപകരും അഭിനേതാക്കളോ, പിന്നണി പ്രവർത്തകരോ ആയി ഭാഗഭാക്കായി. കപട പ്രണയം, ആത്മഹത്യാഭിമുഖ്യം, പാരിസ്ഥിതിക പ്രതിസന്ധി, ലഹരി ഉപഭോഗം, തൊഴിൽ പ്രശ്നങ്ങൾ, സാങ്കേതികവിദ്യ മാറ്റം എന്നിങ്ങനെ ഇന്നത്തെ യുവത നേരിടുന്ന വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന 66 ഹ്രസ്വചിത്രങ്ങളാണ് പരിപാടിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ടത്.
യൗവനം എന്നാൽ ജീവിതത്തിൻറെ സുന്ദരകാണ്ഡം ആണ്. അത് മുന്നോട്ടുവയ്ക്കുന്ന സാധ്യതകളെ കുറിച്ച് വിദ്യാർത്ഥികളുടെ ഉൾക്കണ്ണ് തുറക്കാൻ സുന്ദരകാണ്ഡം എന്ന സർഗ്ഗപ്രക്രിയ വഴിതെളിക്കുമെന്ന് പരിപാടിയുടെ മുഖ്യ സംഘാടകനായ, കോളേജിലെ ചരിത്ര അധ്യാപകൻ ശ്രീ ബിനോ പി. ജോസ് പറഞ്ഞു.
ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ, നിർദിഷ്ട അധ്യാപകരുടെ നേതൃത്വത്തിൽ, മത്സരാടിസ്ഥാനത്തിലാണ് സുന്ദരകാണ്ഡം സംഘടിപ്പിച്ചത്. ജീവിതത്തെ അർത്ഥവത്തായി ആസ്വദിക്കാനും, അതിലെ വെല്ലുവിളികളെ കരുത്തോടെ നേരിടാനും, സമൂഹത്തിൽ വളർന്നുവരുന്ന പുഴുക്കുത്തുകളെ തിരിച്ചറിയാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനും ഈ ലഘു ചലച്ചിത്ര നിർമ്മാണോത്സവം സഹായിക്കും എന്ന് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് പറഞ്ഞു. രാവിലെ 11ന് ആരംഭിച്ച ചിത്രീകരണ വേളയിൽ, ജീവിത സൗന്ദര്യം വിളിച്ചോതുന്ന കവിതകളും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ടു.
യൗവനം നേരിടുന്ന പ്രശ്നങ്ങളെ എടുത്തു കാട്ടുന്നതിനപ്പുറം, ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാൻ പരിപാടി വിദ്യാർഥികളെ പ്രേരിപ്പിച്ചു. രണ്ടാഴ്ചയോളം നീണ്ടുനിന്ന പഠനത്തിൻറെ വെളിച്ചത്തിൽ യൗവന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതിനു ശേഷം വിദ്യാർഥികൾ തിരക്കഥകൾ തയ്യാറാക്കുകയായിരുന്നു. ഈ തിരക്കഥകൾ ക്യാമറയിൽ പകർത്തുമ്പോൾ വിദ്യാർഥികൾ മത്സരത്തിനപ്പുറമുള്ള സഹകരണം പ്രകടമാക്കി. 1500 വിദ്യാർത്ഥികൾ, ക്യാമറകളും സൗകര്യങ്ങളും ഉൾപ്പെടെ പങ്കുവെച്ച്, ചലച്ചിത്ര ചിത്രീകരണത്തിൽ ഒരേ സമയം മുഴുകുന്ന കാഴ്ച വേറിട്ട അനുഭവമായി.
പ്രഭാഷണങ്ങൾ കേട്ട് ബോധവൽക്കരിക്കപ്പെടുന്നതിന് പകരം, വിദ്യാർഥികൾ താല്പര്യമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്കൊണ്ട് ആശയങ്ങൾ സ്വാഭാവികമായി ആവിഷ്കരിക്കുകയും, സ്വാംശീകരിക്കുകയും ചെയ്യുക എന്ന ബോധന രീതിയാണ് വിജയകരമായി പരീക്ഷിക്കപ്പെട്ടത്. മുൻവർഷങ്ങളിലും കോളേജിൽ സമാനമായ പരിപാടികൾ നടപ്പിലാക്കിയിട്ടുണ്ട്. വരും വർഷങ്ങളിലും സമാനമായ പരിപാടികൾ ഉണ്ടാകും എന്ന് സംഘാടകർ പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഫാ. മനോജ് പാലക്കുടി, സോണി ജോസഫ്, ബിനോ പി. ജോസ്, നെൽസൺ കുരിയാക്കോസ്, പ്രതീഷ് ഏബ്രഹാം, അരുൺ രാജ, ആസ്റ്റിൽ ടോം, അനുശ്രീ എം.എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.